61 പേർ രോഗമുക്തി നേടി, പുതിയ രോഗികൾ ഇല്ല

സംസ്ഥാനത്ത് ഇന്ന് പുതിയ കോവിഡ് കേസുകൾ ഒന്നും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗബാധയുള്ള 61 പേരുടെ റിസൾട്ട് നെഗറ്റീവായതായും മുഖ്യമന്ത്രി അറിയിച്ചു. 499 പേർക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 95 പേർ ചികിത്സയിലുണ്ടായിരുന്നതിൽ 61 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. ഇവർ ഇന്ന് ആശുപത്രി വിടുമെന്നും ഇതോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 34 ആയതായും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് 21,724 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഇതിൽ 21,352 പേർ വീടുകളിലും 372 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ ആണ്. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള 1,66,263 മലയാളികളാണ് നാട്ടിലേക്ക് വരാനായി നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കർണാടകം, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ പേർ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിൽ രോഗവ്യാപനം പിടിച്ചുനിർത്താനാവുന്നു എന്നത് എല്ലാവരെയും ആശ്വസിപ്പിക്കുന്ന കാര്യമാണ്. എന്നാൽ 80ൽ അധികം മലയാളികൾ ഇതിനോടകം കോവിഡ്-19 ബാധിച്ച് വിദേശത്ത് മരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യക്കകത്ത് മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളെയും രോഗം ബാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.