കണ്ണൂർ: പാനൂരിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പാലത്തായിയിലെ സ്കൂൾ അധ്യാപകനായ പത്മരാജനെ പോലീസ് കസ്റ്റഡിയിലെടുത്തു.
അധ്യാപകനായ പത്മരാജൻ നാലാം ക്ലാസ് വിദ്യാർഥിനിയെ സ്കൂൾ ശുചിമുറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. തലശ്ശേരി ഡിവൈഎസ്പിക്കാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ആദ്യം പരാതി നൽകിയത്. തുടർന്ന് പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസെടുത്തതിന് പിന്നാലെ പ്രതിയായ പത്മരാജൻ ഒളിവിൽ പോവുകയായിരുന്നു.
ബിജെപി നേതാവ് കൂടിയായ പത്മരാജനെ കേസ് രജിസ്റ്റർ ചെയ്ത് ഒരു മാസമായിട്ടും പിടികൂടാത്തതിൽ ശക്തമായ പ്രതിക്ഷേധം ഉയർന്നിരുന്നു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് നേതാവ് വി.എം സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റും ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധങ്ങൾക്കെല്ലാം പിന്നാലെയാണ് തലശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബന്ധുവീട്ടിൽ നിന്നാണ് പത്മരാജനെ പിടികൂടിയത്.