രോഗികളെ പരിചരിക്കാൻ ‘നൈറ്റിംഗൽ-19’ റോബോട്ട്, പിന്തുണയുമായി മുഖ്യമന്ത്രി

ചെമ്പേരി വിമൽജ്യോതി എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥികൾ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ രൂപകൽപ്പന ചെയ്ത റോബോട്ട് ആണ് ‘നൈറ്റിംഗൽ-19’. കോവിഡ് -19 രോഗികൾക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു കൊടുക്കലാണ് റോബോട്ട് ചെയ്യുന്നത്.

സാങ്കേതിക വിദ്യകളുടെ വികാസത്തിൽ കേരളത്തിലെ യുവാക്കൾ നടത്തുന്ന ഇടപെടലുകൾ പ്രതീക്ഷാ നിർഭരമാണെന്നും സർക്കാർ അവർക്ക് മികച്ച പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇത്തരം ശ്രമങ്ങളെ സമൂഹത്തിനൊന്നടങ്കം ഗുണകരമാകുന്ന രീതിയിൽ ഉപയോഗപ്പെടുത്താനാണ് സർക്കാർ പരിശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘നൈറ്റിംഗൽ-19’ എന്ന് പേരു നൽകിയ ഈ റോബോട്ടിനെ ഉപയോഗിച്ച് രോഗികൾക്ക് ഭക്ഷണവും വെള്ളവും എത്തിക്കാൻ സാധിക്കും. ഇതിൽ ഘടിപ്പിച്ച പ്രത്യേക ഡിസ്പ്ലേയിലൂടെ ജീവനക്കാരെയും ബന്ധുക്കളെയും കണ്ട് സംസാരിക്കാനും സാധിക്കും. ഇതുവഴി ആരോഗ്യ പ്രവർത്തകരുടെ സുരക്ഷിതത്വം കൂടുതൽ ഉറപ്പു വരുത്താൻ കഴിയും.

കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളെ ശക്തമാക്കാൻ ഉതകുന്ന രീതിയിൽ ഇടപെടാൻ എല്ലാ മേഖലകളിൽ ഉള്ള ആളുകളോടും സർക്കാർ ആവശ്യപ്പെട്ടിരുന്നു. അതിനെത്തുടർന്ന് സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ വേണ്ട ശ്രമങ്ങൾക്ക് സ്റ്റാർട്ടപ്പ് മിഷൻ ആരംഭം കുറിക്കുകയും ആശയങ്ങൾ ക്ഷണിക്കുകയും ചെയ്തു. ക്രിയാത്മകമായ പ്രതികരണമാണ് ഈ കാര്യത്തിൽ സർക്കാരിന് ലഭിച്ചതെന്നും അതിനൊരു മികച്ച ഉദാഹരണമാണ് ‘നൈറ്റിംഗൽ – 19’ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.