കുട്ടികൾക്ക് വാക്സിൻ നൽകിയില്ലെങ്കിൽ ജീവൻ അപകടപ്പെടുത്തുന്ന കൂടുതൽ രോഗങ്ങൾ പൊട്ടിപ്പുറപ്പെടും – ലോകാരോഗ്യ സംഘടന

വാക്സിനുകളെക്കുറിച്ചുള്ള മിഥ്യാധാരണകളും തെറ്റായ വിവരങ്ങളും കൂടുതൽ പ്രശ്നങ്ങൾക്ക് വഴിതെളിക്കുകയും ദുർബലരായ ആളുകളെ അപകടത്തിലാക്കുകയും ചെയ്യും. വാക്സിൻ നൽകിയില്ലെങ്കിൽ എലിപ്പനി, പോളിയോ പോലുള്ള ജീവൻ അപകടപ്പെടുത്തുന്ന കൂടുതൽ രോഗങ്ങൾ പൊട്ടിപ്പുറപ്പെടും – ലോകാരോഗ്യ സംഘടന

കോവിഡ് സൃഷ്ടിക്കുന്ന ആഘാതം മറ്റ് ആരോഗ്യ സേവനങ്ങളിൽ, പ്രത്യേകിച്ച് കുട്ടികളിൽ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ലോകാരോഗ്യ സംഘടന വളരെയധികം ആശങ്കാകുലരാണ് എന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ഡോക്ടർ ടെഡ്രോസ് അദനോം.

ഓരോ വർഷവും 11 കോടിയിലധികം  ശിശുക്കൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകുന്നുണ്ട്. കണക്കുകൾ പ്രകാരം ആഗോളതലത്തിൽ ജനിക്കുന്ന കുട്ടികളിൽ 86% കുട്ടികൾ വാക്‌സിൻ എടുക്കുന്നുണ്ട്. എന്നാൽ ലോകമെമ്പാടും ഒരു കോടിയിലധികം കുട്ടികൾ വാക്സിൻ ഉപയോഗപ്പെടുത്തുന്നില്ല. കോവിഡിന്റെ സാഹചര്യത്തിൽ വാക്‌സിൻ എടുക്കാത്ത കുട്ടികളുടെ എണ്ണം വർധിക്കുമെന്നും അദനോം വ്യക്തമാക്കി.

കടുത്ത രോഗങ്ങളിൽ നിന്നും കോവിഡ് മൂലമുണ്ടാകുന്ന മരണത്തിൽ നിന്നും കുട്ടികൾക്ക് താരതമ്യേന കുറഞ്ഞ അപകടസാധ്യതയാണുള്ളത്. എന്നാൽ,  വാക്സിനുകൾ ഉപയോഗിച്ച് തടയാൻ കഴിയുന്ന മറ്റ് രോഗങ്ങൾക്ക് അപകട സാധ്യത വളരെ ഉയർന്നതാണ്. വാക്സിനുകൾ ഉപയോഗിച്ച് 20 ലധികം രോഗങ്ങൾ തടയാൻ കഴിയും. വാക്സിൻ നൽകിയില്ലെങ്കിൽ എലിപ്പനി, പോളിയോ പോലുള്ള ജീവൻ അപകടപ്പെടുത്തുന്ന കൂടുതൽ രോഗങ്ങൾ പൊട്ടിപ്പുറപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡിന്റെ സാഹചര്യത്തിലും സേവനങ്ങൾ പ്രവർത്തിക്കുമ്പോഴും, ചില മാതാപിതാക്കളും പരിചാരകരും കോവിഡ്  ആശങ്കകൾ കാരണം കുട്ടികളെ വാക്സിനേഷൻ എടുക്കുന്നത് ഒഴിവാക്കുന്നു. വാക്സിനുകളെക്കുറിച്ചുള്ള മിഥ്യാധാരണകളും തെറ്റായ വിവരങ്ങളും കൂടുതൽ പ്രശ്നങ്ങൾക്ക് വഴിതെളിക്കുമെന്നും ദുർബലരായ ആളുകളെ അപകടത്തിലാക്കുമെന്നും ടെഡ്രോസ് വ്യക്തമാക്കി.

അതിർത്തി അടച്ചതിന്റെയും യാത്രാ തടസ്സങ്ങളുടെയും ഫലമായി കുറഞ്ഞത് 21 താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾ ഇതിനകം തന്നെ വാക്സിൻ ക്ഷാമം റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് വാക്സിൻ അലയൻസ് ഗവി റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഒരു കോടി മുപ്പത് ലക്ഷത്തിലധികം ആളുകൾക്ക് പോളിയോ, മീസിൽസ്, കോളറ, ഹ്യൂമൻ പാപ്പിലോമ വൈറസ്, മഞ്ഞപ്പനി, മെനിഞ്ചൈറ്റിസ് എന്നിവയ്‌ക്കെതിരെയുള്ള 14 പ്രതിരോധ കുത്തിവയ്പ്പുകൾ ഇതുവരെ ലഭ്യമാക്കാൻ സാധിച്ചിട്ടില്ല. ഇതിന്റെ ഫലമായി കുട്ടികൾ മരിക്കും എന്നത് ദുരന്ത യാഥാർത്ഥ്യമാണെന്നും അദ്ദേഹം അറിയിച്ചു.

ആഗോള ഐക്യത്തിന്റെ അടിത്തറയാണ് ദേശീയ ഐക്യമെന്നും നമ്മൾ  ഐക്യപ്പെടുന്നില്ലെങ്കിൽ വൈറസ് നമുക്കിടയിലുള്ള വിടവുകൾ ഉപയോഗപ്പെടുത്തുകയും നാശമുണ്ടാക്കുകയും അതുവഴി ജീവിതങ്ങൾ നഷ്ടപ്പെടുമെന്നും അദ്ദേഹം വീണ്ടും ഊന്നി പറഞ്ഞു. ദേശീയ തലത്തിലുള്ള ഐക്യത്തിലൂടെയും ആഗോള തലത്തിലുള്ള ഐക്യദാർഢ്യത്തിലൂടെയും മാത്രമേ നമുക്ക് ഈ വൈറസിനെ പരാജയപ്പെടുത്താൻ കഴിയൂ എന്നും ടെഡ്രോസ് അദനോം ഓർമിപ്പിച്ചു.

LEAVE A REPLY