കേരളത്തിൽ രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസകരമായ കാര്യമാണെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ ടീച്ചർ. സംസ്ഥാനത്ത് 376 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. കോവിഡ് സ്ഥിരീകരിച്ചതിൽ 47.6 % ആളുകളും രോഗമുക്തി നേടി എന്നുള്ളത് വളരെ ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണ്. ഇതുവരെ 179 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഹൈ റിസ്കിൽ ഉള്ളവരെ വരെ കേരള ആരോഗ്യപ്രവർത്തനത്തിന്റെ ഫലപ്രദമായ പരിചരണം മൂലം കോവിഡിന്റെ പിടിയിൽ നിന്ന് തിരികെ കൊണ്ടുവരാൻ കഴിഞ്ഞു.
കാസർഗോഡ് ഇന്നലെ ഒരു രോഗം പോലും സ്ഥിരീകരിക്കാഞ്ഞത് ആശ്വാസകരമാണെന്നും കുറെപ്പേർക്ക് കൂടി ഇന്ന് രോഗം ഭേദമാകുമെന്നും ആരും ഗുരുതരാവസ്ഥയിൽ അല്ല എന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതുവരെ 2 മരണം ആണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.