ഇന്ത്യയിൽ ആകെ 10,362 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 8988 പേർ രോഗം ബാധിച്ച് വിവിധ സംസ്ഥാനങ്ങളിൽ ചികിത്സയിൽ തുടരുന്നു. 1035 പേർ രാജ്യത്ത് രോഗമുക്തി നേടി. 339 പേർ കൊറോണ ബാധിച്ച് മരിച്ചു.
കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ 15 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 11 എണ്ണം മഹാരാഷ്ട്രയിലും നാലെണ്ണം ഡൽഹിയിലുമാണ്. രാജ്യത്ത് റിപ്പോർട്ട് ചെയ്ത 339 മരണങ്ങളിൽ 160 എണ്ണം മഹാരാഷ്ട്രയിൽ നിന്നുമാണ്.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ് (2334). ഡൽഹി – 1510, തമിഴ്നാട് – 1173, രാജസ്ഥാൻ – 873, മധ്യപ്രദേശ് – 604 എന്നിങ്ങനെയാണ് തുടർന്നുള്ള കണക്കുകൾ.
മിസോറം, നാഗാലാന്റ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഓരോ കേസ് വീതമേ റിപ്പോർട്ട് ചെയ്തിട്ടുള്ളു. രോഗമുക്തി നേടിയവരുടെ കണക്കിൽ കേരളമാണ് മുൻപന്തിയിൽ നില്കുന്നത്. കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗബാധിതരിൽ പകുതിയിൽ ഏറെപ്പേരും രോഗമുക്തി നേടി. 379 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത കേരളത്തിൽ 198 പേരും സുഖം പ്രാപിച്ചു.