കേരളത്തില്‍ 21 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് – 8, ഇടുക്കി – 5, കൊല്ലം – 2, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും ഓരോരുത്തർക്കും വീതവും ആണ് രോഗം സ്ഥിരികരിച്ചത്. ഇവരില്‍ 9 പേര്‍ വിദേശത്ത് നിന്നും 2 പേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ ഗുജറാത്തില്‍ നിന്നും വന്നവരാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 47 കാരൻ ദുബായില്‍ നിന്നും വന്നതാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രി ഐസൊലേഷനില്‍ ചികിത്സയിലുള്ള ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രി ഐസൊലേഷനിലേക്ക് ഉടന്‍ പ്രവേശിപ്പിക്കും.
കേരളത്തില്‍ 286 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 256 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 28 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,65,934 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,65,291 പേര്‍ വീടുകളിലും 643 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 145 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.