ഇന്ത്യ ലോക്ക് ഡൗണിന്റെ പതിനഞ്ച് ദിനങ്ങൾ

മാർച്ച് 24 നാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇന്ത്യയിൽ കോവിഡ് മഹാമാരിയുടെ വ്യാപനം തടയുന്നതിനും പ്രതിരോധനത്തിനുമായി 13 കോടി ജനങ്ങളോടും വീടുകളിൽ നിന്നും ഏപ്രിൽ 14 വരെ പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. മാർച്ച് 22ന് പ്രഖ്യാപിച്ച 14 മണിക്കൂർ ജനത കർഫ്യുവിന് പിന്നാലെയാണ് മാർച്ച് 24 ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇന്ത്യൻ സംസ്ഥാനങ്ങൾ കോവിഡിനെ പ്രതിരോധിക്കാൻ ഊർജ്ജിത പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയറിന്റെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ഇതുവരെ 5194 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 4643 പേർ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലാണ്. 401 പേർ രോഗമുക്തി നേടി. 149 പേർ മരണമടഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് 35 മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 20 ശതമാനവും മഹാരാഷ്ട്രയിലാണ്. ഇതുവരെ മഹാരാഷ്ട്രയിൽ 1018 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 79 പേർ സുഖം പ്രാപിക്കുകയും 64 പേർ മരിക്കുകയും ചെയ്തു. മഹാരാഷ്ട്ര കഴിഞ്ഞാൽ തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് (690). അരുണാചൽപ്രദേശ്, മിസോറാം, ത്രിപുര എന്നിവിടങ്ങളിൽ ഓരോ കേസ് വീതം മാത്രമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഏപ്രിൽ 14ന് 21 ദിവസ ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെ രോഗ ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്നത് സ്ഥിതിഗതികൾ നിയന്ത്രണത്തിലാകാത്തതുകൊണ്ടാണെന്നും ആ നിലയ്ക്ക് ലോക്ക് ഡൗൺ നീട്ടണമെന്നുമാണ് നിരവധി സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.

LEAVE A REPLY