കോവിഡ് 19: കാസർകോട് കർശന നിയന്ത്രണം, ലംഘിച്ചാൽ കടുത്ത നടപടി

ആറ് പേർക്ക് കോവിഡ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കാസർകോട് ജില്ലയിൽ സർക്കാർ പ്രഖ്യാപിച്ച കർശന നിയന്ത്രണങ്ങൾ നിലവിൽ വന്നതായി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ഇന്നലെ അർദ്ധ രാത്രി മുതലാണ് കർശനങ്ങൾ നിലവിൽ വന്നത്. കോവിഡ് വ്യാപനം തടയാനുള്ള സർക്കാരിന്റെ പ്രത്യേക നിയമടിസ്ഥാനത്തിലാണ് ജില്ലയിൽ കർശന നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.

നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കാൻ കാസർകോട് കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും അധികാരം നൽകിയിട്ടുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി കാസർകോട് ജില്ലയിലെ സർക്കാർ ഓഫീസുകളും പൊതു സ്വകാര്യ സ്ഥാപനങ്ങളും ഒരാഴ്ച പ്രവർത്തിക്കില്ല. എല്ലാ ആരാധനാലയങ്ങളും തിയറ്ററുകളും ക്ലബുകളും രണ്ടാഴ്ച പ്രവർത്തിക്കില്ല. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ ഒഴികെയുള്ള മുഴുവൻ സ്ഥാപനങ്ങളും അടച്ചിടാൻ ഉത്തരവുണ്ട്. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ 11 മുതൽ വൈകിട്ട് 5 മണി വരെ തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ട്.

പാർക്കുകൾ, ബീച്ചുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ ആളുകൾ കൂട്ടം കൂടാൻ അനുവദിക്കുകയില്ല. ഓഫീസ് ജീവനക്കാർ ജില്ല വിട്ട് പുറത്ത് പോകരുതെന്നും ജില്ല കളക്ടർ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ജോലിയിൽ പ്രവേശിക്കാൻ സന്നദ്ധരാകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കേസെടുക്കാനും നിർദേശമുണ്ട്.