അരൂജാ സ്‌കൂള്‍ വിഷയം: അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്കെതിരെ നടപടി ഇല്ലാത്തത് എന്തുകൊണ്ടെന്ന് സിബിഎസ്ഇയോട് ഹൈക്കോടതി

കൊച്ചി:

തോപ്പുംപടി അരൂജാ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ എഴുതാനാകാതെ പോയ സംഭവത്തില്‍ സിബിഎസ്ഇയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്ക് എതിരെ നടപടി ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. നിങ്ങളുടെ മൗനം ലാഭക്കൊതിയന്മാര്‍ മുതലെടുക്കുകയാണെന്നും സിബിഎസ്ഇക്കെതിരെ കോടതി തുറന്നടിച്ചു.

സിബിഎസ്ഇക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍, കുട്ടികളെ ചൂഷണം ചെയ്യുകയാണ്. രാജ്യത്ത് നിങ്ങള്‍ക്കുള്ള ബ്രാന്‍ഡ് വാല്യൂ അറിയില്ലേയെന്നും സിബിഎസ്ഇ മേഖല ഡയറക്ടറോട് കോടതി ആരാഞ്ഞു. വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

അഫിലിയേഷന്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് തോപ്പുംപടി അരൂജാസ് സ്‌കൂളിലെ 29 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തവണ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാനാകാതെ പോയത്. ഇതേ തുടര്‍ന്ന് വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് സ്‌കൂള്‍ മാനേജ്മെന്‍് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ സ്‌കൂള്‍ മാനേജ്മെന്റിനെതിരെ കേസെടുത്ത പൊലീസ് മാനേജരടക്കമുളളവരെ അറസ്റ്റ് ചെയ്തിരുന്നു.