മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ചിത്രത്തിന്റെ റിലീസ് തടയണമെന്ന ഹർജിയുമായി മരയ്ക്കാരുടെ പിൻതലമുറക്കാരി ഹൈക്കോടതിയിൽ

മരക്കാർ അറബിക്കടലിന്റെ സിംഹം ചിത്രത്തിന്റെ റിലീസ് തടയണമെന്നവശ്യപ്പെട്ട് കുഞ്ഞാലി മരയ്ക്കാരുടെ പിന്മുറക്കാരിയായ കൊയിലാണ്ടി നടുവത്തൂർ മുഫീദ് അറഫാത്ത് മരയ്ക്കാർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിൽ കുഞ്ഞാലി മരയ്ക്കാരുടെ യഥാർത്ഥ ജീവിതം വളച്ചൊടിച്ചാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും പ്രദർശനം തടയണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ചിത്രം ഹർജിക്കാരുടെ കുടുംബത്തെ അപമാനിക്കുന്ന തരത്തിലാണെന്നും ചിത്രം പുറത്തിറങ്ങിയാൽ മതവികാരം പൊട്ടിപ്പുറപ്പെടുമെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. കൂടാതെ ചിത്രം പുറത്തിറങ്ങിയാൽ കുഞ്ഞാലി മറയ്ക്കാരെക്കുറിച്ച് കൂടുതൽ തെറ്റുധാരണകൾ സമൂഹത്തിനിടയിൽ പ്രചരിക്കാനിടയാകുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.

പ്രിയദർശനും അനീഷ് ശശിയും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ആശിർവാദ് സിനിമസിനൊപ്പം മൂൻഷോട് എന്റർടൈൻമെൻറ്സും കോൺഫിഡന്റ് ഗ്രൂപ്പും ഒരുമിച്ച് നിർമിക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം സുനിൽ ഷെട്ടി,സദീപ്, അർജുൻ സർജ, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, സിദ്ധിഖ്, മുകേഷ്,നെടുമുടി വേണു,സുഹാസിനി മണിരത്നം, അശോക് ശെൽവൻ തുടങ്ങി വൻ താരനിരയാണ് ഒന്നിക്കുന്നത്.

മലയാള സിനിമ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സാങ്കേതിക വിദ്യകൾ ഒരുക്കി പൂർത്തിയാക്കിയ ചിത്രം മാർച്ച് 26 നു റിലീസ് ചെയ്യാനിരിക്കെയാണ് മുഫീദ് അറഫാത്ത് ഹർജി സമർപ്പിച്ചത്.

LEAVE A REPLY