Article by Sukesh Das, Head – Business News (news@janapriyam.com)
ബിസിനസ്സ് ചെയ്യുന്നതില്‍ മുന്‍പരിചയം ഇല്ലാതിരുന്നിട്ടും കാനഡയിലെ ഒന്നാം നിര കമ്പനിയായ കനേഡിയന്‍ ടയറിന്റെ ഡീലര്ഷിപ്പ് ലഭിച്ച ആദ്യത്തെ പ്രവാസി മലയാളിയാണ് രഞ്ജിത്ത് സോമന്‍. ഒരു ഡീലർഷിപ്പിൽ തുടങ്ങിയ ബിസിനസ്സ് ഇപ്പോൾ കൂടുതൽ ഉയരങ്ങളിലേക്ക് വളർന്നു കൊണ്ടിരിക്കുകയാണ്.
കോട്ടയംകാരനായ ഈ മലയാളി കാനഡയില്‍ എത്തുന്നതിനുമുന്‍പ് വര്‍ഷങ്ങളോളം ഇന്ത്യന്‍ നേവിയില്‍ പൈലറ്റായിരുന്നു. പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റ് നാഥൻ എന്നറിയപ്പെടുന്ന കെ സോമനാഥൻ നായരുടെയും ഗീത സോമന്റേയും മകനാണ് രഞ്ജിത്ത് സോമന്‍. 2010 ല്‍ ഭാര്യയ്ക്ക് കാനഡയില്‍ വിദേശ പഠനത്തിന് പോകേണ്ടി വന്നതിനാല്‍ കുടുംബസമേതം രഞ്ജിത്ത് കാനഡയിലേക്ക് താമസം മാറി. കാനഡയിലെ ഫെഡ് എക്‌സ് എക്‌സ്പ്രസ്സില്‍ ഓപ്പറേഷന്‍സ് മാനേജറായി ജോലി ആരംഭിച്ച രഞ്ജിത്തിന് ആദ്യം വെല്ലുവിളിയായത് ഇന്ത്യന്‍ നേവിയിലെ ജോലിയുടെ രീതിയും കാനഡയിലെ കോര്‍പ്പറേറ്റ് ജോലി സംസ്‌കാരവും തമ്മിലുള്ള വലിയ വ്യത്യാസത്തെ മറികടക്കുക എന്നതായിരുന്നു. ജോലിയോടൊപ്പം എം.ബി.എ ചെയ്യുന്ന സമയത്താണ് സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാനുള്ള ആഗ്രഹം തോന്നിയത്. ബിസിനസ്സ് സ്വപ്‌നം കാണുന്നവരെ പിന്തുണയ്ക്കുന്ന കാനഡയിലെ സര്‍ക്കാര്‍ സേവനങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. പിന്നീട് രഞ്ജിത്ത് എടുത്ത ഓരോ തീരുമാനങ്ങളാണ് കനേഡിയന്‍ ടയറിന്റെ ഡീലര്‍ഷിപ്പ് നേടുന്ന ആദ്യ മലയാളിയായി അദ്ദേഹത്തെ മാറ്റിയത്.
പുതിയ ഒരു ബ്രാന്‍ഡ് തുടങ്ങുന്നതിനു പകരം കാനഡയിലെ ഒന്നാം നമ്പര്‍ ബ്രാന്‍ഡ് ആയ കനേഡിയന്‍ ടയറിന്റെ ഡീലര്‍ഷിപ്പ് എടുക്കുന്നത് ബിസിനസ്സ് പരാജയപ്പെടാനുള്ള സാധ്യത കുറയ്ക്കും എന്ന ചിന്തയാണ് ആ തീരുമാനത്തിലേക്ക് രഞ്ജിത്തിനെ നയിച്ചത്. കാനേഡിയന്‍ ടയറിന്റെ പ്രവര്‍ത്തനവും രീതികളും പഠിക്കാനായി പതിവ് ജോലിക്കു ശേഷം കനേഡിയന്‍ ടയറിന്റെ സ്റ്റോറുകളില്‍ ശമ്പളമില്ലാതെ ജോലി ചെയ്യാനും രഞ്ജിത്ത് തയ്യാറായി. ഡീലര്‍ഷിപ്പ് ലഭിക്കാനുള്ള തിരഞ്ഞെടുപ്പില്‍ ഇത് രഞ്ജിത്തിന് വളരെ അധികം ഉപകാരപെട്ടു. എന്ത് ബിസിനസ്സ് തുടങ്ങാനാണെങ്കിലും, ആ ബിസിനസിനെ കുറിച്ച് പഠിക്കാന്‍ ഏതറ്റംവരെയും സംരംഭകര്‍ പോകണമെന്ന് രഞ്ജിത് ഓര്‍മിപ്പിക്കുന്നു.
തന്റെ സമ്പാദ്യം മുഴുവന്‍ ചിലവാക്കിയാലേ കനേഡിയന്‍ ടയറിന്റെ ഡീലര്‍ഷിപ്പ് കിട്ടുകയുള്ളു എന്ന സ്ഥിതി വന്നപ്പോഴും രഞ്ജിത്തിന് മറിച്ചൊന്നും ചിന്തിക്കേണ്ടിവന്നില്ല. യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരു മേഖലയിലേക്ക് കടക്കുന്നതിനായി സമ്പാദ്യം മുഴുവന്‍ പകരമായി നല്‍കാന്‍ എങ്ങിനെ മനസ്സുവന്നു എന്ന ചോദ്യത്തിനുള്ള രഞ്ജിത്തിന്റെ ഉത്തരം വളരെ രസകരമായിരുന്നു. വിഷമഘട്ടങ്ങളില്‍ തനിക്ക് ഉപദേശം തന്നിരുന്ന സുഹൃത്തിന്റെ വാചകങ്ങളെ കടമെടുത്ത് രഞ്ജിത്ത് പറയുന്നു, ‘സംരംഭകര്‍ ചാടി കഴിഞ്ഞതിനു ശേഷം ചിറകു മുളയ്ക്കുന്നവരാണ്’. തീരുമാനം എടുക്കുന്നതിനു മുന്‍പ് റിസ്‌കിനെ കുറിച്ച് താന്‍ അധികം ആലോചിച്ചില്ല. ഒരു കമ്പനിയില്‍ ജോലി ചെയ്യുമ്പോള്‍ നമ്മുടെ ഭാവി മറ്റൊരാളുടെ പേനയുടെ തുമ്പിലാണ്. എന്നാല്‍ ബിസിനസ്സില്‍ അങ്ങനെ അല്ല.
തനിക്കു ചെയ്യാന്‍ ഏറ്റവും ഇഷ്ടമുള്ള കാര്യം എന്താണെന്ന് കണ്ടുപിടിച്ചതാണ് ബിസിനസ്സിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ തന്നെ സഹായിച്ചതെന്ന് രഞ്ജിത്ത് വിശ്വസിക്കുന്നു. മുന്നിലുള്ള ഏത് പ്രശ്‌നത്തെയും മറികടക്കാൻ ഇന്ത്യന്‍ നേവിയില്‍ ലഭിച്ച പരിശീലനം എന്നുമൊരു മുതല്‍കൂട്ടായിരുന്നു. സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുകയും, പ്രശ്‌നത്തിനുള്ള പരിഹാരം കണ്ടെത്തുന്നതിനുമുള്ള തൻ്റെ താത്പര്യം ബിസിനസ്സ് തുടങ്ങുന്നതിനു മുന്‍പേ രഞ്ജിത്ത് മനസിലാക്കിയിരുന്നു. ഇതിനെല്ലാം ഉപരിയായി സ്വന്തം ബിസിനസ് ആരംഭിക്കുന്നതിനു മുന്‍പ് അതേ സ്വഭാവമുള്ള മറ്റു കമ്പനികളില്‍ ജോലി ചെയ്ത് ആ മേഖലയെക്കുറിച്ച് പഠിക്കാന്‍ രഞ്ജിത്ത് തയ്യാറായി. ഇതുതന്നെയാണ് സംരംഭകര്‍ക്ക് നല്‍കാനുള്ള രഞ്ജിത്തിന്റെ ഉപദേശവും.