പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ വച്ചു നടന്ന വിരുന്നിനെ സംബന്ധിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വിശദീകരണവുമായി ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം രംഗത്ത്. വിരുന്നില്‍ കയറുന്നതിന് മുന്നോടിയായി തങ്ങളുടെ പക്കല്‍ നിന്ന് ഫോണ്‍ വാങ്ങി വച്ചുവെന്നും ടോക്കണ്‍ നല്‍കിയെന്നും എസ്.പി ബാലസുബ്രഹ്മണ്യം വ്യക്തമാക്കുന്നു.
എന്നാല്‍ മോദിക്കൊപ്പമുള്ള ബോളിവുഡ് താരങ്ങളുടെ സെല്‍ഫി പ്രചരിക്കുന്നുണ്ട്. അത് എങ്ങനെ സാധിച്ചുവെന്നും ഇത് തന്നില്‍ ആശയകുഴപ്പം സൃഷ്ടിച്ചുവെന്നും എസ്.പി.ബി കുറിച്ചിരുന്നു. ഇതിനാണ് വിശദീകരണവുമായി എസ്.പി രംഗത്തെത്തിയത്. മോദിക്കൊപ്പമുള്ള ബോളിവുഡ് താരങ്ങളുടെ ചിത്രം പങ്കുവച്ചായിരുന്നു എസ്.പി.ബി വിമര്‍ശനം ഉന്നയിച്ചത്. ഇത് വലിയ വിവാദമായ പശ്ചാത്തലത്തിലാണ് കൂടുതല്‍ വിശദീകരണവുമായി അദ്ദേഹം രംഗത്ത് വന്നത്.
ഞാന്‍ സംസാരിച്ചത് പ്രധാനമന്ത്രിക്ക് എതിരായല്ല. അല്ലെങ്കില്‍ പരിപാടിയില്‍ പങ്കെടുത്ത മറ്റു സിനിമാ പ്രവര്‍ത്തകര്‍ക്ക് എതിരേയുമല്ല. പ്രധാനമന്ത്രി എല്ലാവരോടും ബഹുമാനത്തോട് കൂടി തന്നെയാണ് പെരുമാറിയത്. എന്നാല്‍ ഞങ്ങളുടെ ഫോണ്‍ മാത്രം എന്തിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചു വച്ചു. അത് മാത്രമായിരുന്നു എന്റെ ചോദ്യമെന്നും എസ്.പി.ബി വ്യക്തമാക്കി.