ഗര്‍ഭിണിയായ ഒരു പൂച്ച കൊലചെയ്യപ്പെട്ട സംഭവത്തിനു പിന്നാലെയാണിപ്പോള്‍ സമൂഹമാധ്യമങ്ങള്‍. തിരുവനന്തപുരം വഞ്ചിയൂരിനു സമീപം പാല്‍ക്കുളങ്ങരയിലാണ് ഗര്‍ഭിണിയായ പൂച്ചയെ മദ്യലഹരിയില്‍ ചിലര്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്റെ ക്യാമ്പെയിന്‍ കോര്‍ഡിനേറ്റര്‍ പാര്‍വതി മോഹന്റെയും പീപ്പിള്‍സ് ഫോര്‍ ആനിമല്‍സിന്റെ സെക്രട്ടറി ലത ഇന്ദിരയുടെയും പരാതിയില്‍ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തിരിക്കുയാണ്. പൂച്ചയുടെ പോസ്റ്റ്മോര്‍ട്ടം നടപടികളടക്കം കേസില്‍ പരിഗണിക്കപ്പെട്ടിട്ടുണ്ട്. അപൂര്‍വ്വമായ ഈ പോസ്റ്റ്മോര്‍ട്ടത്തിന്റെ കഥയാണ് മലയാളികള്‍ക്കിടയിലെ ചര്‍ച്ചാവിഷയം.
എന്നാല്‍ കേരളത്തിലെ രണ്ടാമത്തെ പൂച്ച പോസ്റ്റ്മോര്‍ട്ടമാണിതെന്നറിയുന്നവര്‍ ചുരുക്കമാണ്. 2008ല്‍ ആലപ്പുഴ ജില്ലയിലെ കരീലക്കുളങ്ങരയിലാണ് കേരളത്തിലെ ആദ്യ പൂച്ച പോസ്റ്റ്മോര്‍ട്ടം നടന്നത്. കരീലക്കുളങ്ങരയില്‍ പത്തിയൂര്‍പ്പാടത്ത് ഒരു യുവതി കൊല്ലപ്പെട്ട സംഭവത്തിന്റെ അന്വേഷണത്തിനിടയിലാണ് കേരളത്തില്‍ ആദ്യമായി ഒരു പൂച്ചയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യപ്പെട്ടത്. ചത്ത പൂച്ച തെളിയിച്ച കേസ് എന്നാണ് ആ കേസിനെ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് പിന്നീട് വിശേഷിപ്പിച്ചത്.
പത്തിയൂര്‍പ്പാടത്തെ കുളത്തില്‍ ഒരു അജ്ഞാത യുവതിയുടെ മൃതദേഹം കെട്ടിത്താഴ്ത്തിയതാണ് കേസ്. യുവതിയെ നാട്ടുകാര്‍ക്ക് പരിചയമില്ലാത്തതും സമീപ്രദേശത്തെങ്ങും ഒരു സ്ത്രീയെ കാണാതായതായ കേസോ വിവരേമാ ലഭിക്കാതിരുന്നതും പൊലീസിന് തിരിച്ചടിയായി. എന്നാല്‍ അതേസമയം ഒരു പൂച്ചയുടെ അഴുകിയ മൃതദേഹം അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടു. അതോടെ യുവതിയുടെയും പൂച്ചയുടെയും മൃതദേഹങ്ങള്‍ ഒന്നിച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്യപ്പെട്ടു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതിയും പൂച്ചയും സമാനമായ ആഹാരപദാര്‍ത്ഥം കഴിച്ചാണ് മരണപ്പെട്ടതെന്ന് വ്യക്തമായി. തുടരന്വേഷണത്തില്‍ സമീപപ്രദേശത്തുള്ള ജലാലുദ്ദീന്‍ എന്നയാളാണ് യുവതിയെ ഭക്ഷണത്തില്‍ ഫ്യുരുടാന്‍ എന്ന വിഷ പദാര്‍ത്ഥം കലര്‍ത്തി കൊലപ്പെടുത്തിയതിനു ശേഷം കുളത്തില്‍ കെട്ടിത്താഴ്ത്തിയതെന്നും വ്യക്തമായി.
സംഭവത്തില്‍ പൂച്ച ഒരഭിവാജ്യഘടകമായതെങ്ങനെയെന്ന് പറയാം…
ജലാലുദ്ദീന്‍ യുവതിയെ കുളത്തിനു സമീപമുള്ള ഒരു പാടത്തിലിരുത്തിയിട്ടാണ് വിഷം കലര്‍ത്തിയ ഭക്ഷണവുമായി എത്തിയത്. ഇതിനിടയില്‍ പൂച്ച അയാള്‍ക്കു പിന്നാലെ കൂടുകയായിരുന്നു. വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ച യുവതി ഛര്‍ദ്ദിക്കുകയുണ്ടായി. ഈ ഛര്‍ദ്ദില്‍ കഴിച്ചതാണ് പൂച്ചയുടെ മരണകാരണം. അങ്ങനെ ആദ്യമായി ഒരു പൂച്ച പോസ്റ്റ്മോര്‍ട്ടത്തിലൂടെ ഒരു കൊലപാതത്തിന്റെ കെട്ടഴിക്കാന്‍ പൊലീസിനു കഴിഞ്ഞു.
ഈ സംഭവം നടന്ന് പതിനൊന്നാം വര്‍ഷമാണ് മറ്റൊരു പൂച്ച പോസ്റ്റ്മോര്‍ട്ടക്കഥ ഇന്ന് വാര്‍ത്തയായിരിക്കുന്നത്.