ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവം; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മോഡറേഷന്‍ മാര്‍ക്ക് തട്ടിപ്പ് വിവാദത്തില്‍ പ്രതിഷേധിച്ച് കെഎസ്യു നടത്തിയ നിയമസഭാ മാര്‍ച്ചിനു നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജും ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പരിക്കേറ്റതും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ഇതേക്കുറിച്ച് പരിശോധിച്ച ശേഷം നടപടിയെടുക്കാമെന്ന് മന്ത്രി എ.കെ.ബാലന്‍ വ്യക്തമാക്കി. എന്നാല്‍, മന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

ലാത്തിച്ചാര്‍ജില്‍ ഷാഫിക്കു പുറമേ കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനും പരിക്കേറ്റിരുന്നു. ഇരുവരും പിന്നീട് അറസ്റ്റ് വരിച്ചു. സമരം സമാധാനപരമായി അവസാനിപ്പിക്കുന്നതിനാണ് താന്‍ പ്രതിഷേധ സ്ഥലത്തേക്ക് എത്തിയതെന്നും എന്നാല്‍ ഒരു പ്രകോപനവുമില്ലാതെ പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതയ്ക്കുകയായിരുന്നുവെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.