വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറി; കേരള സര്‍വ്വകലാശാലയിലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കേരള സര്‍വ്വകലാശാലയിലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. കേരള സര്‍വകലാശാല കാര്യവട്ടം ക്യാംപസിലെ സൈക്കോളജി വിഭാഗം അസി.പ്രൊഫസര്‍ ജോണ്‍സണെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജോണ്‍സണ്‍ മോശമായി പെരുമാറുന്നവെന്ന് കാണിച്ച് വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി.

പരാതിയില്‍ അന്വേഷണം നടത്തിയ സിന്‍ഡിക്കേറ്റ് കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍വ്വകലാശാലയുടെ നടപടി. സൈക്കോളജി വിഭാഗത്തിലെ ഒന്നാം വര്‍ഷ എംഎസ്.സി വിദ്യാര്‍ത്ഥികളാണ് വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയത്. എന്നാല്‍ ആരോപണങ്ങള്‍ തള്ളിയ ഡോ. ജോണ്‍സണ്‍ വിരമിച്ച അധ്യാപകനാണ് പരാതിക്ക് പിന്നിലെന്ന് ആരോപിച്ചിരുന്നു. ഇന്റേണല്‍ മാര്‍ക്ക് കുറച്ചെന്ന വിദ്യാര്‍ത്ഥികളുടെ ആരോപണം നിഷേധിച്ച അധ്യാപകന്‍ ഇതുവരെ ഇന്റേണല്‍ മാര്‍ക്ക് നിശ്ചയിച്ചിട്ടില്ലെന്നും കുട്ടികളുടെ ആശങ്ക അടിസ്ഥാനരഹിതമാണെന്നും പറഞ്ഞു.