സ്ത്രൈണ ഭാവത്തില്‍ മമ്മൂക്ക; വൈറലായി മാമാങ്കത്തിലെ ചിത്രം

first look poster of Mamangam

സിനിമാലോകം ഒന്നടങ്കം ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന മാമാങ്കം. ചിത്രത്തില്‍ സ്ത്രൈണ ഭാവത്തിലുള്ള കഥാപാത്രമായും മമ്മൂട്ടിയെത്തുന്നുണ്ടെന്നുള്ള വാര്‍ത്തകള്‍ മുന്‍പ് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഈ വാര്‍ത്തകള്‍ സ്ഥിരീകരിക്കുന്ന ഒരു ചിത്രമാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

നീളന്‍ മുടി മുന്നിലേക്ക് അഴിച്ചിട്ടു നില്‍ക്കുന്ന താരത്തിന്റെ ചിത്രമാണ് പുറത്തുവന്നത്. ചുവന്ന പൊട്ടിനൊപ്പം കണ്ണുമെഴുതിയുള്ള മമ്മൂട്ടിയുടെ നില്‍പ്പിന് അഴകേറേയാണെന്നാണ് ആരാധകര്‍ പറയുന്നത്. സ്ത്രീ വേഷത്തിലുള്ള തന്റെ ചിത്രം മമ്മൂട്ടിയും ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. നിമിഷ നേരം കൊണ്ടാണ് ചിത്രം ട്രെന്‍ഡിങ് ലിസ്റ്റിലിടം നേടിയത്.


ദേശത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ ചാവേറുകളുടെ കഥ പറയുന്ന ചിത്രമാണ് മാമാങ്കം. എം. പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രാചി തെഹ്ലാന്‍, അനു സിത്താര, ഉണ്ണി മുകുന്ദന്‍ തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്. ഡിസംബര്‍ 12 ന് ചിത്രം തിയേറ്ററുകളിലെത്തും. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.