കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധക്കുറിപ്പുമായി മാവോവാദികള്‍. പിണറായി ചെങ്കൊടിപിടിച്ച വര്‍ഗവഞ്ചകനെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. വയനാട് പ്രസ് ക്ലബിലാണ് തപാല്‍ മാര്‍ഗം പ്രതിഷേധ കുറിപ്പ് എത്തിയത്. ഭരണകൂട ഭീകരതക്കെതിരെ തെരുവിലിറങ്ങണമെന്നും ജനകീയ മാവോവാദി വിപ്ലവകാരികളെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ ഭരണകൂടനടപടിയെ അപലപിക്കുന്നു എന്നുപറഞ്ഞുമാണ് കുറിപ്പ് ആരംഭിക്കുന്നത്.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുള്‍പ്പെടുന്ന കപട കമ്യൂണിസ്റ്റുകള്‍ ഹിന്ദുത്വ ഫാസിസ്റ്റുകളായ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരുടെ പാദസേവകരാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും കുറിപ്പില്‍ ആരോപിക്കുന്നു. ചൊവ്വാഴ്ച രാവിലെയാണ് മാവോവാദികളുടെ പ്രതിഷേധക്കുറിപ്പ് തപാല്‍ മാര്‍ഗം വയനാട് പ്രസ് ക്ലബിലെത്തിയത്. മേപ്പാടിയില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.