തിരുവനന്തപുരം: കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സിയില്‍ നടത്തിയ പണിമുടക്ക് വിജയത്തില്‍. യു.ഡി.എഫ് അനുകൂല ട്രേഡ് യൂണിയനുകള്‍ നടത്തിയ പണിമുടക്കിലാണ് യാത്രക്കാര്‍ വലഞ്ഞത്. സംസ്ഥാനത്ത് 40 ശതമാനം സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. കോണ്‍ഗ്രസ് സംഘടനകളുടെ കൂട്ടായ്മയായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷനാണ് പണിമുടക്കിയത്. എന്നാല്‍, മറ്റു സംഘടനകള്‍ പിന്തുണ പ്രഖ്യാപിക്കാത്തതിനാല്‍ ബസുകള്‍ കാര്യമായി മുടങ്ങില്ലെന്ന മാനേജ്മെന്റിന്റെ നിഗമനം പാടേ തെറ്റി പതിവിലും വിപരീതമാണ് ഇത്തവണ സംഭവിച്ചത്. കൂടുതല്‍ തൊഴിലാളികള്‍ പണിമുടക്കിയതോടെ ബസുകള്‍ കൂട്ടത്തോടെ മുടങ്ങി. താത്കാലിക ജീവനക്കാരടക്കം സഹകരിച്ചില്ല.
ശമ്പളമുടക്കത്തില്‍ പ്രതിഷേധിച്ചുള്ള സമരമായതിനാല്‍ ജോലിക്കു ഹാജരാകാന്‍ മറ്റു യൂണിയനുകളും ജീവനക്കാരെ നിര്‍ബന്ധിച്ചില്ല എന്നതും ശ്രദ്ധേയമാണ്. സെപ്തംബറിലെ ശമ്പളം രണ്ടു ഗഡുക്കളായാണു നല്‍കിയത്. ഒക്ടോബറിലെ ശമ്പളം ഈ മാസം അവസാനം മാത്രമേ നല്‍കാനിടയുള്ളൂ. ഇതില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമാണ്. തുടര്‍ച്ചയായ ശമ്പള നിഷേധം അവസാനിപ്പിക്കുക, ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, ഡി.എ കുടിശിക അനുവദിക്കുക, പുതിയ ബസുകള്‍ ഇറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ksrtcമണിക്കൂറുകളുടെ ഇടവേളകളിലാണ് നിരത്തുകളില്‍ ബസുകളെത്തിയത്. നഗരത്തിലെ പ്രധാന ഡിപ്പോകളായ തമ്പാനൂരിലും കിഴക്കേകോട്ടയിലും യാത്രക്കാരുടെ വലിയ നിരയുണ്ടായിരുന്നു. പൊതുവേ സമാധാനപരമായിരുന്നെങ്കിലും ചില ഡിപ്പോകളില്‍ അനിഷ്ട സംഭവങ്ങളുണ്ടായി. സമരാനുകൂലികള്‍ ചില സ്ഥലങ്ങളില്‍ സര്‍വീസ് തടയുകയും ചെയ്തു.