കേസിന്റെ സ്വഭാവമനുസരിച്ച് ഇനി പൊലീസിന്റെ തൊപ്പിയുടെ നിറം മാറും

കൊട്ടാരക്കര: അന്വേഷിക്കുന്ന കേസിന്റെ സ്വഭാവമനുസരിച്ച് ഇനി പൊലീസുകാരുടെ തൊപ്പിയുടെ ‘നിറം’ മാറുന്നു. റെഡ് ക്യാപ്, വൈറ്റ് ക്യാപ്, ബ്ലൂ ക്യാപ് എന്നിങ്ങനെയാണ് വിഭാഗങ്ങള്‍. പേരു മാറുമെങ്കിലും യൂണിഫോമില്‍ മാറ്റമില്ല.

ഇതിനായുള്ള പരിശീലനം സംസ്ഥാനത്താദ്യമായി കൊല്ലം റൂറലില്‍ തുടങ്ങി. റൂറലിലെ 18 പൊലീസ് സ്റ്റേഷനുകളിലെ 9 വീതം പൊലീസുകാര്‍ക്കാണു പൊലീസ് അക്കാദമിയുടെ നേതൃത്വത്തില്‍ പരിശീലനം. 3 പേര്‍ വീതം ഓരോ വിഭാഗത്തിന്റെയും ഭാഗമാകും. 45 വയസ്സില്‍ താഴെയുള്ള 171 പൊലീസുകാരെ ഇതിനായി തിരഞ്ഞെടുത്തു.

റെഡ് ക്യാപ്: കൊലപാതകം, കൊലപാതകശ്രമം, സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം, പോക്‌സോ, തട്ടിക്കൊണ്ടുപോകല്‍, കലാപം, പൊതുമുതല്‍ നശിപ്പിക്കല്‍, കൊള്ള, അപകടമരണം, ശാരീരിക ആക്രമണ കേസുകള്‍

വൈറ്റ് ക്യാപ്: വഞ്ചന, സൈബര്‍, കള്ളനോട്ട് കേസുകള്‍

ബ്ലൂ ക്യാപ്: മോഷണം, വയോധികര്‍ക്കെതിരായ അതിക്രമം, ഗാര്‍ഹികപീഡനം, ആദ്യ വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്ത കേസുകള്‍