വാളയാര്‍ വിധി ഞെട്ടിക്കുന്നത്; നീതി നിഷേധിക്കപ്പെട്ട് ആ പെണ്‍കുട്ടികള്‍…

ഓരോ ദിവസവും നാടിനെ നടുക്കുന്ന വ്യത്യസ്ഥമായ കുറ്റകൃത്യങ്ങള്‍ പെരുകുന്ന സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. എന്നാല്‍ മിക്ക കുറ്റകൃത്യങ്ങള്‍ക്കും പ്രതികള്‍ അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നില്ലയെന്ന് നിസംശയം പറയാം. കൂടത്തായി കൂട്ടക്കൊലപാതക കഥയുടെ കെട്ടഴിയും മുന്‍പെത്തിയ വാളയാര്‍ കേസിലെ വിധി കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി നിഷേധിക്കപ്പെട്ടതോടെ സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്ന ഹാഷ്ടാഗുകളും പ്രതികരണങ്ങളും വിരല്‍ ചൂണ്ടുന്നതും ചോദ്യം ചെയ്യുന്നതും നമ്മുടെ നാട്ടിലെ നീതിന്യായ വ്യവസ്ഥിതിയെയാണ്.

പതിനൊന്നും ഒന്‍പതും വയസു മാത്രം പ്രായമുള്ള കുരുന്നുകളുടെ മരണം ആത്മഹത്യയാണെന്നു ആവര്‍ത്തിച്ചു പറയുമ്പോള്‍ അത് ദഹിക്കാനിത്തിരി പാടാണ്. കാരണം പട്ടിണിയെ പോലും ഒരു പരിധി വരെ അതിജീവിച്ച കുഞ്ഞുങ്ങള്‍ പെട്ടെന്ന് ഒരു ദിവസം ജീവിതം മടുത്ത് ആത്മഹത്യ തെരഞ്ഞെടുക്കില്ലെന്ന സാമാന്യ യുക്തി മാത്രം മതി ഇതൊരു കൊലപാതകമാണെന്നു തീര്‍ച്ചപ്പെടുത്താന്‍.

പാലക്കാട് ജില്ലയിലെ ഉള്‍പ്രദേശങ്ങളില്‍ പെടുന്ന വാളയാര്‍ അട്ടപ്പള്ളം ആദിവാസി കോളനി പോലുള്ള ഒരു സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ രണ്ടു പെണ്‍കുട്ടികള്‍ മരണപ്പെട്ടെന്ന വാര്‍ത്ത ഇത്രയധികം വ്യാപിക്കുമെന്ന് ആരും കരുതി കാണില്ല. നീതിയ്ക്കു വേണ്ടി നടന്ന പോരാട്ടം ഒടുവില്‍ കനത്ത തിരിച്ചടിയോടെ പരാജയപ്പെടുകയാണുണ്ടായിരിക്കുന്നത്.

2017ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. രണ്ടു പെണ്‍കുട്ടികളെയും അവരുടെ ഒറ്റമുറി കുടിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരിക്കുന്നതിനു മുന്‍പ് രണ്ടു കുട്ടികളും ലൈംഗിക ചൂഷണത്തിന് വിധേയരായെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കേസില്‍ ഒരു ജുവനൈല്‍ പ്രതിയടക്കം അഞ്ചു പേര്‍ക്കെതിരേ വാളയാര്‍ പൊലീസ് കേസെടുത്തു കുറ്റപത്രം നല്‍കിയിരുന്നു.

എന്നാല്‍ കേസില്‍ വാദം കേട്ട വാളയാര്‍ അഡിഷനല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജുവനൈല്‍ പ്രതിയൊഴികെ മറ്റെല്ലാവരെയും വെറുതേ വിടുകയാണുണ്ടായത്. ഇതോടെ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരടക്കം കടുത്ത അതൃപ്തിയും നിരാശയും രേഖപ്പെടുത്തി രംഗത്തെത്തി.

യഥാര്‍ത്ഥത്തില്‍ കോടതി വിധിയല്ല ഇവിടെ പ്രശ്നം. കേസ് അന്വേഷിച്ച വാളയാര്‍ പൊലീസിന്റെ അന്വേഷണ രീതിയില്‍ പൊലീസ് തന്നെ അതൃപ്തരാണ്. പ്രതികളിലൊരാള്‍ തന്റെ മൂത്ത മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതു നേരിട്ടു കണ്ടിട്ടുണ്ടെന്ന മാതാപിതാക്കളുടെ തന്നെ മൊഴിയുണ്ടായിരുന്നു. എന്നാല്‍, അന്വേഷണ സംഘം അക്കാര്യം കൃത്യമായി കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയില്ല. മരിച്ച കുട്ടികളുടെ മാതാപിതാക്കളുടെ അടുത്ത ബന്ധുക്കളും സുഹൃത്തും അയല്‍വാസികളുമൊക്കെയാണു കേസിലെ പ്രതികള്‍. ഇവര്‍ക്കെല്ലാം ഭരണപക്ഷത്തുള്ള പ്രമുഖ രാഷ്ട്രീയ കക്ഷിയുമായി ബന്ധമുണ്ടെന്നാണ് ഉയരുന്ന ആരോപണം.

പ്രതികള്‍ക്കെതിരേ ശാസ്ത്രീയ തെളിവുകളില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. സാഹചര്യത്തെളിവുകളുമില്ല. സാക്ഷിമൊഴികളിലെ വൈരുധ്യമാണ് മറ്റൊരു പ്രശ്നം. മതിയായ മൊഴികളും രേഖകളും ശേഖരിക്കാന്‍ സ്വാധീനത്തിനു വഴങ്ങി ആദ്യത്തെ അന്വേഷണ സംഘം തയാറായില്ല എന്നാണ് ഇപ്പോള്‍ പൊലീസ് തന്നെ വെളിപ്പെടുത്തുന്നത്. ലഭ്യമായ തെളിവുകളെങ്കിലും കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പ്രോസിക്യൂഷനും പരാജയപ്പെട്ടു.

ആദിവാസി സംരക്ഷണ നിയമം, പട്ടികജാതി പട്ടിക വര്‍ഗ സംരക്ഷണ നിയമം, പോക്സോ നിയമം തുടങ്ങി അതി ശക്തമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്ത കേസ് അതി ദാരുണമായി പരാജയപ്പെട്ടെന്നു തന്നെ കൃത്യമായി പറയാം.