പഠിച്ച മേഖലയില്‍നിന്നും വ്യത്യസ്തമായി ഇഷ്ടമുള്ള മേഖലയില്‍ തൊഴില്‍ കണ്ടെത്തുകയും ഒപ്പം ജീവിത വിജയം നേടുക എന്നതും അത്ര ചെറിയകാര്യമല്ല. കൃത്യമായ ലക്ഷ്യവും അര്‍പ്പണബോധവും ഉള്ളവര്‍ക്കുമാത്രമേ ഇത്തരം ജീവിത വിജയങ്ങള്‍ സാധ്യമാകൂ. സംഗീത ജസ്റ്റിന് എന്ന സംരംഭകയുടെ ജീവിതം സമാന സാഹചര്യങ്ങളിലൂടെ കടന്നുവന്ന് ഒരു സിനിമാ കഥപോലെ വ്യത്യസ്തമാണ്.
നേഴ്സിങ് മേഖലയില്‍ ആദ്യ ചുവടുവെച്ച് പിന്നീട് തന്റെ തൊഴില്‍ മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത പുസ്തക പ്രകാശന രംഗത്ത് വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് ഈ കോതമംഗലംകാരി. ആണുങ്ങളുടെ മേഖലയെന്ന കുത്തകാവകാശം പ്രസാധകരംഗത്ത് നിലനില്‍ക്കുന്നതുകൊണ്ടുതന്നെ സംഗീതയുടെ ഒറ്റയാള്‍ പോരാട്ടത്തിന് മഹത്വം ഏറെയാണ്. 2010ല്‍ ആരംഭിച്ച ‘സൈകതം ബുക്സിലൂടെ’ 450ല്‍ അധികം ടൈറ്റിലുകളില്‍ പുസ്തകങ്ങളെ വായനക്കാര്‍ക്ക് മുമ്പില്‍ എത്തിച്ച് കയ്യടി നേടിയിരിക്കുകയാണ് സംഗീത.
മസ്കറ്റിലെ ചില സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ ഒരു ഓൺലൈൻ മാസികയായ “സൈകതം” ആണ് പിന്നീട് സൈകതം ബുക്സ് എന്ന പ്രസ്ഥാനമായി മാറിയത്. പ്രവാസ ജീവിതത്തിന് വിടനല്‍കി നാട്ടില്‍ തിരിച്ചെത്തിയ സംഗീത എഴുത്തുകാരന്‍കൂടിയായ ജസ്റ്റിന് ജേക്കബിന്റെ പിന്തുണയോടെ ‘സൈകതം ബുക്സി’ ന്റെ നിയന്ത്രണം ഏറ്റെടുത്തു. സംഗീത അമരത്തേക്ക് എത്തിയതിനു ശേഷമാണ് സൈകതം ബുക്സ് എന്ന പ്രസാധക സംരംഭം മുന്‍നിരയിലേക്കെത്തിയത്.
ആദ്യ നാല് പുസ്തകങ്ങള്‍ വിജയകരമായി പ്രസിദ്ധീകരിച്ചതിനുശേഷം പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ലെന്ന് സംഗീത പറയുന്നു. പ്രശസ്തരായ എഴുത്തുകാരെ ലക്ഷ്യംവയ്ക്കുന്നതിന് പകരം നവാഗതരായ യുവ എഴുത്തുകാര്‍ക്കും മികച്ചതെന്നു തോന്നിയ സാഹിത്യ സൃഷ്ടികള്‍ക്കും പ്രാധാന്യം നല്കി. സ്വന്തം പുസ്തകം പ്രസിദ്ധീകരിക്കുകയെന്നത് സ്വപ്നമായ് കൊണ്ടുനടന്ന പലര്‍ക്കും പുത്തന്‍ പ്രതീക്ഷയാകുവാന്‍ സാധിച്ചതില്‍ സംന്തോഷമുണ്ടെന്നും സംഗീത പറയുന്നു.
മറ്റ് മേഖലകളെ അപേക്ഷിച്ച് വ്യത്യസ്തമായ വെല്ലുവിളികള്‍ നിറഞ്ഞ മേഖലയാണ് പ്രസാധകരംഗമെന്ന് സംഗീത ചൂണ്ടിക്കാണിക്കുന്നു. ‘ലാഭത്തേക്കാള്‍ പുസ്തകങ്ങളോടുള്ള അതിയായ ഇഷ്ടമാണ് നേഴ്സിങില്നിന്നും ഈ മേഖലയിലേക്ക് എന്നെ എത്തിച്ചത്. എന്നാല്‍ ഈ ഇഷ്ടത്തെ ബിസിനസ്സായി മാറ്റുകയെന്നത് അത്ര എളുപ്പമായിരുന്നില്ല. വായനക്കാരന്റെ ഇഷ്ടങ്ങളും ശീലങ്ങളും ബിസിനസിനെ ബാധിക്കും. സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങള്മുതല് പുത്തന്‍ വായനക്കാരുടെ ഇഷ്ടങ്ങളെവരെ പഠനവിധേയമാക്കിയാണ് ഓരോ പുസ്തകങ്ങളെയും വിപണിയിലെത്തിക്കുന്നത്.
ജീവചരിത്രങ്ങള്‍ക്ക് എന്നും വായനക്കാരുണ്ട്. എന്നാല്‍ കവിതകളെ ഇഷ്ടപ്പെടുന്നവരുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാറുണ്ട്. മികവുറ്റ യുവ എഴുത്തുകാര്‍ ഒരുപാടുണ്ട്. പക്ഷേ ഇവരില്‍ പലരും തങ്ങളുടെ സാഹിത്യസൃഷ്ടികളെ വായനക്കാര്‍ക്ക് മുമ്പില്‍ എത്തിക്കുന്നതില്‍ പരാജയപ്പെടുന്നു. ഇത്തരക്കാരെ കണ്ടെത്തി മുന്‍നിരയിലേക്ക് കൊണ്ടുവരുകയെന്നതും ഒരു പ്രസാധക എന്നനിലയില്‍ എന്റെ കടമയാണ്. ഒപ്പം ജനങ്ങള്‍ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന വായനാശീലത്തെ പ്രോത്സാഹിപ്പിച്ച് അവരെ പുസ്തകങ്ങളുടെ ലോകത്തേയ്ക്ക് തിരികെ എത്തിക്കുക എന്നതാണ് ഏറ്റവും വെല്ലുവിളിനിറഞ്ഞത്’, സംഗീത വ്യക്തമാക്കുന്നു.
ബാലസാഹിത്യത്തിലും സൈകതം മുഖ്യപങ്കാളിത്തമറിയിച്ചുപോരുന്നു. കുട്ടികളില്‍ അക്ഷരങ്ങളോടുള്ള ഇഷ്ടം വളര്‍ത്തിയാല്‍ മാത്രമേ ആരോഗ്യകരമായ വായനാശീലമുള്ള ഒരു പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ നമുക്ക് സാധിക്കൂ. ഇതിനായി കുട്ടികളില്‍ വായനയുടെ ആകാംഷവളര്ത്തുക എന്ന ലക്ഷ്യത്തോടെ നിരവധി പുസ്തകങ്ങളുടെ മലയാളം പരിഭാഷകളും സൈകതം വിപണിയിലെത്തിച്ചു. 2018ൽ കുട്ടികൾക്കായി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന “സൈകിഡ്സ്” എന്ന പുതിയ വിഭാഗത്തിന് തുടക്കമിട്ടു. പ്രമുഖ നൈജീരിയന്‍ എഴുത്തുകാരനായ വാമ്പാ ഷെരീഫിന്റെ ‘ലാന്റ് ഓഫ് മൈ ഫാദര്‍’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ ‘പൂര്‍വ്വികരുടെ നാട്’, ഫിസാ പതന്റെ ‘ആമിന: ഒന്നും മിണ്ടാത്തവള്‍’ (ആമിന: ദി സൈലന്റ് വണ്‍) എന്നിവ വിപണിയില്‍ വലിയ സ്വീകാര്യത നേടിത്തന്നതായും സംഗീത വ്യക്തമാക്കുന്നു.
നിരവധി ബുക്ക് ഫെസ്റ്റുകളിലും സംഗീത സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. ഷാര്‍ജാ ബുക്ക് ഫെസ്റ്റിലാണ് സംഗീത ഏറെ ശ്രദ്ധനേടിയത്. 2018ൽ ഫെസ്റ്റിവലില്‍ പങ്കെടുത്തവരില്‍ ഇന്ത്യയില്‍നിന്നുള്ള ഏക വനിതാ പ്രസാധകയായിരുന്നു ഈ സംരംഭക. ഇംഗ്ലീഷില്‍ ഉള്‍പ്പടെ നിരവധി പുസ്തകങ്ങളെ വായനക്കാരുടെ മുമ്പിലെത്തിക്കാന്‍ ഇതുവരെ ‘സൈകതം ബുക്സിന്’ സാധിച്ചു. ആത്മാവിനെ തൊടുന്ന അക്ഷരങ്ങളെ ഇനിയും വായനക്കാരിലെത്തിക്കുകയെന്നത് ജീവിതത്തിന്റെ കടമയായിക്കണ്ട് മുന്നോട്ടുപോകാനാണ് ഈ വനിതാ സംരംഭകയുടെ തീരുമാനം. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടാം: 95390 56858