കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചതില്‍ അപാകത സംഭവിച്ചതായി ആരോപണം. പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു ഇന്ന് രാവിലെ എട്ടു മണിക്ക് ശേഷം അവധി പ്രഖ്യാപിച്ചതാണ് അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ കുഴക്കിയത്.
രാവിലെ 8.5ന് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കളക്ടറുടെ അറിയിപ്പ് എത്തുമ്പോഴേക്കും വിദ്യാര്‍ത്ഥികള്‍ പലരും സ്കൂളിലേക്കുള്ള യാത്ര ആരംഭിച്ചിരുന്നു. സ്കൂള്‍ ബസിനായി കാത്തുനില്‍ക്കുന്നതിനിടെ അവധിയുടെ കാര്യം അറിഞ്ഞവരും സ്കൂളില്‍ എത്തിയതിന് ശേഷം അവധിയെക്കുറിച്ച് അറിഞ്ഞവരും ഏറെയാണ്. കുട്ടികളെ സ്കൂളിലയച്ച് വീടുപൂട്ടി മാതാപിതാക്കള്‍ പലരും ജോലിക്ക് പോയതും കുട്ടികളിലും രക്ഷിതാക്കളിലും ഒരുപോലെ ആശങ്കയുയര്‍ത്തി.



















