
കൊച്ചി: തനൂറ സ്വേത മേനോന്‍ രചിച്ച തട്ടമിട്ട മേനോത്തി പ്രകാശനം ചെയ്തു. നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് എംഫാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പി. മുഹമ്മദ് അലിക്ക് പുസ്തകം നല്‍കി പ്രകാശനം നിര്‍വഹിച്ചത്. കെഎംസിസി യുഎഇ പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫ്‌ളവേഴ്‌സ് ചാനല്‍ എംഡി ആര്‍. ശ്രീകണ്ഠന്‍ നായര്‍ പുസ്തകം പരിചയപ്പെടുത്തി. ലിപി പബ്ലിക്കേഷന്‍സ് എംഡി ലിപി അക്ബര്‍, എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹലിയ, സംഗീത സംവിധായകന്‍ പരേതനായ രവീന്ദ്രന്റെ ഭാര്യ ശോഭന രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫാഷന്‍ ഡിസൈനറായ തനൂറ സോളോ ട്രാവലറുമാണ്. ഇതുവരെ 20-ഓളം രാജ്യങ്ങള്‍ ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടുണ്ട്. വളരെ ചെറുപ്രായത്തില്‍ സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹവും വിവാഹമോചനവും അതേ തുടര്‍ന്നുണ്ടായ ഏകാന്തതയും വിവരിക്കുന്നതോടൊപ്പം വിവാഹ മോചനത്തിന് ശേഷം മൂന്ന് കുട്ടികളെ വളര്‍ത്താന്‍ ഒറ്റയ്ക്ക് നടത്തിയ കഠിനയാത്രയും അതില്‍ കൈവരിച്ച വിജയവും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.