എസ് എഫ്ഐക്കെതിരെ ആഞ്ഞടിച്ചു സി പി എം, സാമൂഹ്യവിരുദ്ധ ശക്തികള്‍ കയറിക്കൂടിരിക്കുന്നു…

യുണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ഥിയെ കുത്തിയ പ്രതികള്‍ സാമൂഹ്യവിരുദ്ധരാണെന്നു സിപിഎം. ഇതര വര്‍ഗബഹുജനസംഘടനകളില്‍ ചിലതിലും ഇങ്ങനെ നുഴഞ്ഞുകയറ്റം സംഭവിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ജാഗ്രതപാലിക്കണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് വിലയിരുത്തി.

എസ്എഫ്‌ഐയിലേക്ക് സാമൂഹ്യ വിരുദ്ധ ശക്തികള്‍ കടന്നുകയറുന്നത് ബോധപൂര്‍വ്വമായ ഇടപെടലിന്റെ ഭാഗമായാണെന്ന് സെക്രട്ടേറിയേറ്റ് വിലയിരുത്തി. ഇതുമൂലമാണ് എസ്എഫ്‌ഐ മൂല്യങ്ങളുടെ കാര്യത്തില്‍ താഴേക്ക് പോയത്. ഇത് തടയാന്‍ പാര്‍ട്ടിതലത്തില്‍ ശ്രദ്ധ ഉണ്ടാവണമെന്നും സെക്രട്ടേറിയേറ്റ് യോഗത്തില്‍ വിലയിരുത്തലുണ്ടായി.

യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വലിയ അപവാദപ്രചരണങ്ങളാണ് നടക്കുന്നത്. ഈ അപവാദങ്ങളെ പ്രതിരോധിക്കാന്‍ മറുപടിപ്രചാരണം ശക്തമാക്കണം. ഇതിനായി ഒരു വിദ്യാഭ്യാസസംരക്ഷണ സമിതിയോ യൂണിവേഴ്‌സിറ്റി കോളേജിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഒരു സമിതിയോ രൂപീകരിക്കണമെന്നും സെക്രട്ടേറിയേറ്റില്‍ തീരുമാനമായി.

യൂണിവേഴ്‌സിറ്റി കോളേജ് സംഭവങ്ങളില്‍ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലും വിമര്‍ശനം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ എസ്എഫ്‌ഐ കൈക്കൊണ്ട നടപടികളും പൊലീസിന്റെ കാര്യക്ഷമമായ അന്വേഷണവും താഴെ തട്ട് വരെ റിപ്പോര്‍ട്ട് ചെയ്യാനാണ് സിപിഎമ്മിന്റെ തീരുമാനം.