ന്യൂഡൽഹി: പാർട്ടിയുടെ കരുത്തും സ്വാധീനവും ദുർബലമാകുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമല വിഷയത്തിൽ ബിജെപിയും കോൺഗ്രസ്സും ജനങ്ങളെ തെറ്റുധരിപ്പിച്ചുവെന്നും വിശ്വാസികളായ അനുഭാവികളെ തിരിച്ചെത്തിക്കാൻ ശ്രമിക്കുമെന്നും യെച്ചൂരി പറഞ്ഞു.
തെരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയം വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസമാണ് സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഡൽഹിയിൽ ചേർന്നത്. കേരളം, ബംഗാൾ തുടങ്ങി സിപിഎമ്മിന്റെ സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ പോലും ഉണ്ടായ വോട്ട് ചോർച്ചയും, ദയനീയ പരാജയവും കമ്മിറ്റി വിലയിരുത്തിയിരുന്നു.
പാർട്ടിയുടെ പ്രവർത്തനത്തെ വിമർശിച്ച് മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ സിപിഎം കേന്ദ്രകമ്മിറ്റിയ്ക്ക് കത്തയച്ചിരുന്നു. കേരളത്തിൽ സിപിഎം ജനങ്ങളിൽ നിന്ന് അകന്നത് ഗൗരവമായി പരിശോധിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു.