ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സമൂഹ മാധ്യമങ്ങളിലൂടെയുള്ള ധനസമാഹരണത്തിന് നിയന്ത്രണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ ചികിത്സ ധനസഹായം സമാഹരിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇത്തരം ധനസമാഹരണത്തിന് ഏതെങ്കിലുമൊരു സര്‍ക്കാര്‍ അധികൃത സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കി.

സഭയില്‍ വി.ഡി. സതീശന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സാമൂഹ്യ മാധ്യമങ്ങളിലൂടെ പാവപ്പെട്ടവരുടെ ചികിത്സയ്ക്കെന്നും പറഞ്ഞ് പണം പിരിച്ചെടുത്ത് തട്ടിപ്പു നടത്തുന്നുവെന്നാരോപിച്ച് ആരോഗ്യമന്ത്രി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു.
നേരത്തെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലും ബാങ്ക് ഓഫ് ഇന്ത്യയുമായി ഉണ്ടായ തര്‍ക്കവും ചര്‍ച്ചയായിരുന്നു. എന്നാല്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ട്രസ്റ്റ് രൂപീകരിക്കുമെന്നും ആരോഗ്യ മന്ത്രി പരാതി നല്‍കിയത് തനിക്കെതിരെയല്ലെന്നും ഫിറോസ് വ്യക്തമാക്കിയിരുന്നു. പലപ്പോഴും താന്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തനത്തേയും ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ച് അഭിനന്ദിക്കുകയാണ് പതിവെന്നും ഫിറോസ് പറഞ്ഞിരുന്നു.