ആദ്യ പ്രതിരോധമന്ത്രിയില്‍ നിന്നും ആദ്യ വനിതാ ധനമന്ത്രിയിലേക്ക് ; ബിജെപിയെ വീണ്ടും അധികാരത്തില്‍ എത്തിച്ച സര്‍ജിക്കല്‍ സ്‌ട്രൈക്കിന് നിര്‍മ്മലയ്ക്ക് സ്ഥാനക്കയറ്റം

പ്രധാനമന്ത്രിയായിരിക്കെ പ്രതിരോധ, ധനവകുപ്പുകള്‍ അധികച്ചുമതലയായി വഹിച്ചിട്ടുണ്ട് ഇന്ദിരാ ഗാന്ധി. പൂര്‍ണസമയ പ്രതിരോധ മന്ത്രിയായ ആദ്യ വനിതയെന്ന ഖ്യാതിയില്‍നിന്ന് പൂര്‍ണസമയ ധനമന്ത്രിയാകുന്ന ആദ്യ വനിതയെന്ന നേട്ടത്തിലേക്കാണു നിര്‍മല സീതാരാമന്റെ വരവ്. ഒപ്പം കമ്പനികാര്യ മന്ത്രാലയത്തിന്റെ ചുമതലയുമുണ്ട്.

പാകിസ്താനിലെ ബാലാകോട്ടില്‍ വ്യോമസേന നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനു വലിയൊരു മേല്‍നോട്ടം നിര്‍മലയ്ക്കുണ്ടായിരുന്നു; പ്രതിരോധമന്ത്രിയെന്ന നിലയിലും കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതിയംഗം എന്ന നിലയിലും. ബി.ജെ.പി.

അധികാരം നിലനിര്‍ത്തിയതില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനു വലിയൊരു പങ്കുണ്ടായിരുന്നു. അതിനുള്ള അംഗീകാരമെന്ന നിലയില്‍ കിട്ടിയ സ്ഥാനക്കയറ്റത്തിലും വലിയ വെല്ലുവിളിയാണു നിര്‍മലയെ കാത്തിരിക്കുന്നത്.

ഇടര്‍ച്ച നേരിടുന്ന സാമ്പദ്‌വ്യവസ്ഥയ്ക്കു നവോന്മേഷം പകരുക. മോഡി സര്‍ക്കാരിന്റെ രണ്ടാംഘട്ട സാമ്പത്തിക പരിഷ്‌കാരത്തിനു ചുക്കാന്‍ പിടിക്കുക.വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് പുതിയ മന്ത്രിസഭയിലില്ലാത്ത നിലയ്ക്ക്, സുരക്ഷാകാര്യ സമിതിയിലെ ഏക വനിത കൂടിയാണു നിര്‍മല. പുതിയ സര്‍ക്കാരിലെ ഏറ്റവും മുതിര്‍ന്ന വനിതയും അവരാണ്.

സാമ്പത്തികമാന്ദ്യം പിടിച്ചുനിര്‍ത്തുന്നതിനൊപ്പം, ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിനു പണം കണ്ടെത്തേണ്ട ചുമതലയും നിര്‍മലയ്ക്കുണ്ട്. ഈ സാമ്പത്തികവര്‍ഷം പ്രതീക്ഷിക്കുന്ന 3.4 % ബജറ്റ് കമ്മി കൂടുതല്‍ വഷളാകാതെ നോക്കണം. കാര്‍ഷിക മേഖലയിലെ വരുമാനക്കമ്മി, തൊഴിലില്ലായ്മ, കാര്‍-ഇരുചക്ര വാഹനങ്ങളടക്കം പ്രധാന ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിടിവ് തുടങ്ങിയ പ്രതിസന്ധികളും അവരെ ഉറ്റുനോക്കുന്നു.

സമ്പദ്‌രംഗത്തിന്റെ പശ്ചാത്തലം നിര്‍മലയ്ക്കു തുണയാകുമെന്നു നിയമനതീരുമാനമെടുത്ത മോഡിക്കും ഷായ്ക്കും ഉറപ്പുണ്ടാകണം. സാമ്പത്തിക ശാസ്ത്രത്തില്‍ തിരുച്ചിറപ്പള്ളിയിലെ സീതാലക്ഷ്മി രാമസ്വാമി കോളജില്‍നിന്നു ബിരുദവും ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്നുള്ള എം.ഫില്ലുമുണ്ട് നിര്‍മലയ്ക്ക്.

ലണ്ടനില്‍ അഗ്രിക്കള്‍ച്ചര്‍ എന്‍ജിനിയേഴ്‌സ് അസോസിയേഷനിലെ ഇക്കണോമിസ്റ്റിന്റെ അസിസ്റ്റന്റായിരുന്നു. പിന്നീട് രാജ്യാന്തര ഓഡിറ്റ് സ്ഥാപനമായ പ്രൈസ്‌വാട്ടര്‍ഹൗസില്‍ സീനിയര്‍ മാനേജരായി. കുറച്ചുകാലം ബി.ബി.സി. വേള്‍ഡിലും ജോലി ചെയ്തു. ഇന്ത്യയില്‍ തിരിച്ചെത്തിയശേഷം ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി സ്റ്റഡീസില്‍ ഡെപ്യൂട്ടി ഡയറക്ടറായി. പാര്‍ണവ എന്ന സ്‌കൂളിനു തുടക്കമിട്ടു. ദേശീയ വനിതാ കമ്മിഷന്‍ അംഗമായി. ബി.ജെ.പിയില്‍ ദേശീയ എക്‌സിക്യൂട്ടിവ് അംഗവും ദേശീയ വക്താവുമായി.

കഴിഞ്ഞ മോഡി സര്‍ക്കാരില്‍ ആദ്യം വാണിജ്യ-വ്യവസായ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിരുന്നു. പിന്നീടാണു പ്രതിരോധ മന്ത്രിയായത്. കേരള-തമിഴ്‌നാട് തീരത്ത് ഓഖി ദുരന്തബാധിതരെ സഹാനുഭൂതിയോടെ ചേര്‍ത്തുപിടിച്ച അവര്‍, റഫാല്‍ വിഷയത്തില്‍ സര്‍ക്കാരിനുവേണ്ടി പ്രതിപക്ഷത്തിനെതിരേ പട നയിച്ചു.

ഈ തിരക്കുകള്‍ക്കിടയിലും ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തുന്ന ഒരു വിനോദമുണ്ട് ഈ തമിഴ്‌നാട്ടുകാരിക്ക്, അച്ചാറുണ്ടാക്കല്‍. ദിവ്യമായ പ്രക്രിയയെന്നാണ് അതിനു നിര്‍മല നല്‍കുന്ന വിശേഷണം.