നാദാപുരം : പത്താം വയസ്സില്‍ നഷ്ടമായ സംസാരശേഷി 40 വര്‍ഷത്തിന് ശേഷം തിരികെ വന്നതിലെ അത്ഭുതം അടക്കാനാകാതെ സന്തോഷത്തില്‍ മതി മറന്നിരിക്കുകയാണ് ഒരു കുടുംബം. അരൂരിലെ തോലേരി ബാബു (52) വാണ് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അത്ഭുതമായി മാറിയിരിക്കുന്നത്. ബാബുവിന്റെ ശബ്ദം വീണ്ടും കേള്‍ക്കാള്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ബന്ധുക്കളും നാട്ടുകാരും. അതുകൊണ്ടു തന്നെ അവരെല്ലാം ബാബു സംസാരിക്കുന്നത് കേള്‍ക്കാന്‍ ഓരോ കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇവര്‍ക്കെല്ലാം ബാബു മറുപടിയും നല്‍കുന്നുണ്ട്.
അരൂര്‍ കണ്ണംകുളം എല്‍പി സ്‌കൂളില്‍ നാലാം€ാസില്‍ പഠിക്കുമ്പോഴാണ് ബാബുവിന് സംസാര ശേഷി നഷ്ടമായത്. അതോടെ പഠനം നിര്‍ത്തി. പിന്നീടുള്ള പഠനം വീട്ടിലും പരിസരത്തുമായി ഒതുങ്ങി.
കഴിഞ്ഞ ദിവസം വൈകിട്ടാണ് 40 വര്‍ഷത്തിന് ശേഷം ആ അത്ഭുതം സംഭവിച്ചത്. വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ‘രാജന്‍ എങ്ങോട്ട് പോകുന്നു’ എന്ന് ചോദിച്ചപ്പോഴായിരുന്നു ബാബു വായ തുറന്ന് പ്രതികരിച്ചത്. ‘ചെത്തില്‍ പോകണം’ എന്ന മറുപടികേട്ട് രാജനൊപ്പം വീട്ടുകാരും ഞെട്ടി. മറ്റൊരു സഹോദരന്റെ വീടാണ് ചെത്തില്‍ വീട്. അവിടെ എത്തിയപ്പോള്‍ വീണ്ടും സംസാരിച്ചു. സംസാരശേഷി ഇല്ലാതിരുന്ന ബാബുവിനോട് ആരും സംസാരിച്ചിരുന്നില്ല. ആംഗ്യത്തിലൂടെയായിരുന്നു കാര്യങ്ങള്‍ അവതരിപ്പിച്ചിരുന്നത്.
നാല് പതിറ്റാണ്ടിന് ശേഷം സംസാരിച്ച ബാബുവിനെ ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.സിന്ധു വിശദമായി പരിശോധിച്ചുവെങ്കിലും അത്ഭുതകരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍, മെഡിക്കല്‍ സയന്‍സില്‍ ഇത്തരം അത്ഭുതങ്ങള്‍ സംഭവിക്കാറുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു.