തിരുവനന്തപുരം: സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും വികലാംഗര്‍ക്കുമായി സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ സംവരണം ചെയ്തിരിക്കുന്ന സീറ്റുകള്‍ വിട്ടുനല്‍കാത്തവര്‍ക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. ഷാഡോ പട്രോളിങ് സംഘത്തെ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങാനാണ് വകുപ്പിന്റെ നീക്കം. ഈ ഷാഡോ സംഘം പരിശോധന നടത്തി കണ്ടെത്തുന്ന നിയമലംഘകരെ ബോധവത്കരണ ക്ലാസ്സിൽ പങ്കെടുപ്പിക്കുന്ന പദ്ധതിയാണ് മോട്ടോര്‍വാഹന വകുപ്പ് വിഭാവനം ചെയ്യുന്നത്. ഇതിനായി പ്രത്യേക പരിശോധന ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്ത്രീകള്‍, മുതിര്‍ന്നവര്‍, വികലാംഗര്‍, അന്ധര്‍ തുടങ്ങിയവര്‍ക്കായി നിശ്ചിത എണ്ണം സീറ്റുകള്‍ ബസില്‍ ഒഴിച്ചിടണമെന്നാണ് നിയമം. സ്ത്രീകള്‍ക്കായി 25 ശതമാനം സീറ്റുകളാണ് നീക്കി വച്ചിരിക്കുന്നത്. ഗര്‍ഭിണിക്ക് ഒരു സീറ്റും കുഞ്ഞുമായി യാത്രചെയ്യുന്ന അമ്മമാര്‍ക്ക് അഞ്ച് ശതമാനം സംവരണവുമുണ്ട്. ഭിന്നശേഷിക്കാര്‍ക്കും അന്ധര്‍ക്കുമായി അഞ്ച് ശതമാനം സീറ്റു വീതവും നീക്കി വച്ചിട്ടുണ്ട്. ശേഷിക്കുന്ന 44 ശതമാനമാണ് ജനറല്‍ സീറ്റ്. സംവരണ സീറ്റ് കൈവശപ്പെടുത്തുന്നവരെ അവിടെ നിന്നും മാറ്റാന്‍ നടപടിയെടുക്കാത്ത ബസ് ജീവനക്കാര്‍ക്കെതിരേയും നടപടി ഉണ്ടാകും. ഈ സംവരണസീറ്റുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം കണ്ടക്ടര്‍ക്കാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു.
എന്നാല്‍ മിക്ക ബസുകളിലും ഇത് കൃത്യമായി പാലിക്കുന്നില്ലെന്നാണ് പരാതി. സ്വകാര്യ ബസുകളില്‍ സംവരണം ചെയ്ത സീറ്റുകള്‍ പലപ്പോഴും മറ്റു യാത്രക്കാര്‍ കൈയ്യേറുന്നതായി കാട്ടി മുതിര്‍ന്ന പൗരന്‍മാരുടെ സംഘടനയും വികലാംഗ അസോസിയേഷനും പരാതിയുമായി മോട്ടോര്‍ വാഹനവകുപ്പിനെ സമീപിച്ചിരുന്നു.