ശ്രീലങ്കന്‍ സ്‌ഫോടനക്കേസ്: സൗദിയില്‍ അറസ്റ്റിലായവര്‍ക്കു കേരളബന്ധം സ്ഥിരീകരിച്ച് എന്‍ഐഎ

ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ടു സൗദി അറേബ്യയില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ രണ്ടുപേര്‍ക്കു കേരളവുമായി അടുത്ത ബന്ധം. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ സഹ്‌റാന്‍ ഹാഷിമിന്റെ അടുത്ത ബന്ധു മൗലാനാ റില, അയാളുടെ സുഹൃത്ത് ഷഹ്നഹ്‌നാവ്ജ് എന്നിവരെയാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൗദി പോലീസ് പിടികൂടിയത്. ഇവരെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.) സൗദിയിലെത്തി ഇവരെ ചോദ്യംചെയ്യും.

ഇവര്‍ക്ക് കാസര്‍ഗോഡ്, കോയമ്പത്തൂര്‍ മേഖലയില്‍നിന്നുള്ള ഐ.എസ്. അനുഭാവികളുമായി ബന്ധമുണ്ടെന്നും സംശയിക്കുന്നു. സലഫി ഗ്രൂപ്പുമായി ഇവര്‍ക്കുള്ള അടുത്ത ബന്ധം സംബന്ധിച്ച തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണു സൂചന.

ഇതിനിടെ, ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ മൂന്ന് മലയാളികളെ കൂടി എന്‍ഐഎ പ്രതിചേര്‍ത്തു. കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഫൈസല്‍, കാസര്‍ഗോഡ് കളിയങ്ങാട് സ്വദേശി അബൂബക്കര്‍ സിദ്ധീഖ്, കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശി അഹമ്മദ് അറാഫാസ് എന്നിവരെയാണ് എന്‍ഐഎ കേസില്‍ പ്രതി ചേര്‍ത്തത്.

ഐഎസിനെ ഇന്ത്യയില്‍ ശക്തമാക്കാന്‍ പ്രതികള്‍ പ്രവര്‍ത്തിച്ചുവെന്ന് എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു. സിറിയയില്‍ ഉള്ള ഐഎസ് ഭീകരന്‍ അബ്ദുള്‍ റാഷിദുമായി ഇതേക്കുറിച്ച് ഗൂഢാലോചന നടത്തിയെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലും എന്‍ഐഎ സംഘം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.