മോഡി ധ്യാനിച്ച ഗുഹ വെറുമൊരു ഗുഹയല്ല; ഫോണും കിടക്കയും മുതല്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് പോയിന്റ്സ് വരെ, രാവിലെ ചായ മുതല്‍ വൈകുന്നേരത്തെ അത്താഴം വരെയുമായി പാചകക്കാരനും, വാടക വെറും 990രൂപ

കേഥാര്‍നാഥില്‍നിന്ന് ഒന്നരക്കിലോമീറ്റര്‍ അകലെ, പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രാര്‍ഥനാനിരതനായ രുദ്ര ധ്യാന ഗുഹയില്‍ ഫോണും കിടക്കയും മുതല്‍ പാചകക്കാരന്‍വരെ. കുടിവെള്ളം, വൈദ്യുതി, മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് പോയിന്റ്സ് എന്നിവയും ഗുഹയ്ക്കുള്ളിലുണ്ട്.

രാവിലെ ചായ, പ്രഭാതഭക്ഷണം, ഉച്ചയൂണ്, വൈകുന്നേരത്തെ ചായ, അത്താഴം എന്നിവയെല്ലാം ഗുഹയില്‍ കിട്ടും. ഇതിനു പാചകക്കാരനെ വിളിക്കാം. അതിനുള്ള മണിയും ഗുഹയ്ക്കുള്ളില്‍ ഘടിപ്പിച്ചിട്ടുണ്ട്.

24 മണിക്കൂറും പാചകക്കാരന്റെ സേവനം കിട്ടും. അവശ്യ ഘട്ടത്തില്‍ മാനേജരെ വിളിക്കാന്‍ ഫോണും കരുതിയിട്ടുണ്ട്.

രുദ്ര ധ്യാന ഗുഹ അത്ര ആഡംബരം നിറഞ്ഞതല്ല. അത്ര ലളിതവുമല്ല. 990 രൂപയാണു ദിവസവാടക. മൂന്നു ദിവസത്തേക്കു വരെ ഗുഹ വാടകയ്ക്കെടുക്കാം. തീര്‍ഥാടകര്‍ക്കായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷമാണ് ഈ ഗുഹ ഇത്തരത്തില്‍ മാറ്റിയെടുത്തത്.

ഗുഹ ധ്യാനത്തിനു കിട്ടണമെങ്കില്‍ ആദ്യം ആരോഗ്യനില പരിശോധിക്കണം. ശാരീരികമായും മാനസികമായും പൂര്‍ണ ആരോഗ്യവാനല്ലെന്നു കണ്ടാല്‍ പ്രവേശനം അനുവദിക്കില്ല. ഒറ്റയാള്‍ക്കേ ഒരു സമയം ഇവിടെ കഴിയാനാകൂ. വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാനും അവസരമുണ്ട്.

ഗുഹയില്‍ കാവി വസ്ത്രമണിഞ്ഞു പ്രാര്‍ഥനയില്‍ മുഴുകിയ മോഡി പിറ്റേന്ന് രാവിലെ ബദരിനാഥ് ക്ഷേത്രത്തിലും ദര്‍ശനം നടത്തി.