മാധ്യമങ്ങളോട് സംസാരിക്കാൻ തനിക്ക്‌ പേടിയില്ലായിരുന്നു: മോദിയെ കളിയാക്കി മൻമോഹൻ സിം​ഗ്;

ദില്ലി: വാർത്താ സമ്മേളനത്തിൽ മൗനം പാലിച്ച നരേന്ദ്ര മോഡിക്കെതിരെ ഒളിയമ്പുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗ് രം​ഗത്ത്. ചെയ്ഞ്ചിങ് ഇന്ത്യ എന്ന തന്റെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താനൊരു മൗനി ആയ പ്രധാന മന്ത്രി ആയിരുന്നു എന്നാണ് ആളുകൾ പറഞ്ഞിരുന്നത്. എന്നാൽ മാധ്യമങ്ങളോട് സംസാരിക്കാൻ എനിക്ക് പേടി ഇല്ലായിരുന്നു. പതിവായി താൻ മാധ്യമങ്ങളെ കാണാറുണ്ടായിരുന്നു. വിദേശ പര്യടനം കഴിഞ്ഞു വന്നാൽ താൻ മാധ്യമങ്ങളെ വിളിച്ചു ചേർക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ബിജെപി അധ്യക്ഷൻ അമിത് ഷായുടെ വാര്‍ത്താ സമ്മേളനം എന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും അപ്രത്യക്ഷമായിട്ടായിരുന്നു പ്രധാന മന്ത്രി നരേന്ദ്ര മോഡി കടന്നു വന്നത്. എന്നാൽ അക്ഷരാർത്ഥത്തിൽ അത് അമിത്ഷായുടെ വാര്‍ത്താ സമ്മേളനം തന്നെയായിരുന്നു. മാധ്യമപ്രവർത്തകുടെ മിക്ക ചോദ്യങ്ങൾക്കും പ്രധാനമന്ത്രിക്ക് മറുപടിയുണ്ടായിരുന്നില്ല. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നല്‍കിയത് അമിത് ഷായായിരുന്നു.

“അഭിനന്ദനങ്ങള്‍ മോദിജി, മഹത്തായ വാര്‍ത്താ സമ്മേളനം ! നിങ്ങള്‍ വാര്‍ത്താസമ്മേളനത്തിനെത്തിയപ്പോള്‍ തന്നെ ഞങ്ങള്‍ യുദ്ധം പാതി ജയിച്ചു. അടുത്ത തവണ മിസ്റ്റർ ഷാ ചോദ്യങ്ങൾക്ക് ഉത്തരം പറയാന്‍ നിങ്ങളെ അനുവദിക്കും. നന്നായി ! ” എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാര്‍ത്താ സമ്മേളനം കഴിഞ്ഞയുടന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.

LEAVE A REPLY