ഫ്യൂസ് ഊരിയ വിവരം ഉപഭോക്താവിനെ ഇലയില്‍ എഴുതി ട്രോളി കെ.എസ്.ഇ.ബി

കെ.എസ്.ഇ.ബിയില്‍ ഇപ്പോള്‍ എല്ലാത്തിനും ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ലഭ്യമാണ്. ഏറെക്കുറെ മുടക്കമില്ലാതെ ലഭ്യമാവുന്ന നമ്മുടെ വൈദ്യുതി സംവിധാനം രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്കൊക്കെ അനുകരിക്കാവുന്ന ഒരു മാതൃകയുമാണ്.. എന്നാല്‍ ഇതില്‍ നിന്നൊക്കെ ഒരു പടി കൂടി കടന്ന് ഉപഭോക്താവിനെ നൈസായി ട്രോളാനും ഇപ്പോള്‍ കെഎസ്ഇബി തുടങ്ങിയിട്ടുണ്ടെന്നാണ് ഒരു ഉപയോക്താവ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി പങ്കുവെച്ച അനുഭവം വെളിപ്പെടുത്തുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

ഞാന്‍ കെഎസ്ഇബി ബില്‍ നേരത്തിന് അടയ്ക്കാന്‍ മറന്നിരിക്കുകയായിരുന്നു. അടയ്ക്കേണ്ട അവസാന തീയതി കഴിഞ്ഞതും വളരെ കൃത്യമായി കെഎസ്ഇബി ജീവനക്കാര്‍ വന്നു. ഫ്യൂസ് ഊരിമാറ്റി. ഒരു പച്ചിലയില്‍ കരണ്ടു ബില്‍ അടച്ചില്ല..’ എന്നൊരു സന്ദേശം എഴുതി മീറ്റര്‍ബോക്‌സില്‍ എനിക്കായി ഇട്ടുപോയിട്ടുണ്ട്. ഒരു പക്ഷേ ഇതാവും ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍ ‘ഹരിത’ മാവുന്നതിന്റെ ഏറ്റവും ശ്രേഷ്ഠമായ മാതൃക…’

പോത്തന്‍കോടിനടുത്തെവിടെയോ ആണ് സംഭവം നടന്നിരിക്കുന്നത്. വീടിന്റെയോ കെഎസ്ഇബി സെക്ഷന്റെയോ കൃത്യമായ വിവരങ്ങള്‍ പോസ്റ്റില്‍ ലഭ്യമല്ല. സരസനായ കെഎസ്ഇബി ജീവനക്കാരനും, അതിലേറെ ഫലിതപ്രിയനായ ഉപഭോക്താവും കൂടി പ്രശ്‌നം എന്തായാലും രമ്യതയില്‍ തന്നെ തീര്‍ത്തുകാണുമെന്നു കരുതുന്നു.