നൈഷ്ഠിക ബ്രഹ്മചാരിയെ അപമാനിച്ചതിലുള്ള ഫലം ഇടതുമുന്നണി അനുഭവിക്കുമെന്ന് പിസി ജോര്‍ജ്

തൃശൂര്‍: ആനകളെ ഇല്ലാതാക്കി ആചാരങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്റെ വിലക്കിന് പിന്നിലെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്റെ വിലക്കിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ട്. തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ വിലക്കിയ ഉത്തരവിനെതിരെ ആര്‍എസ്എസ് സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശ്ശൂര്‍ പൂരത്തിന്റെ പ്രശ്നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും നൈഷ്ഠിക ബ്രഹ്മചാരിയെ അപമാനിച്ചതിലുള്ള ഫലം ഇടതുമുന്നണി തിരഞ്ഞെടുപ്പില്‍ അനുഭവിക്കുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപി വിജയിച്ചുകഴിഞ്ഞു. തൃശ്ശൂരില്‍ അട്ടിമറി വിജയം പ്രതീക്ഷിക്കാം. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ പിണറായി വിജയന്‍ ധാര്‍മികത മുന്‍നിര്‍ത്തി മുഖ്യമന്ത്രിപദം രാജിവെക്കേണ്ടി വരുമെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.