ബാങ്ക് അക്കൗണ്ടില്‍ നിന്നു പണം പോയാല്‍ ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി : ബാങ്ക് അക്കൗണ്ടിലുള്ള ഒരാളുടെ പണം ആരെങ്കിലും തട്ടിയെടുത്താന്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ബാങ്കിനെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് പലയിടങ്ങളിലും വ്യപകമായുള്ള എ.ടി.എം തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഭാഗത്തു നിന്നും ഇത്തരമൊരു വിധി ഉണ്ടായിരിക്കുന്നത്.

വിദേശത്ത് ജോലി നോക്കുന്ന പി.വി ജോര്‍ജ് എന്ന കോട്ടയംകാരന്റെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടില്‍ നിന്നും 2.40 ലക്ഷം രൂപയുടെ എടിഎം തട്ടിപ്പ് നടന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന തട്ടിപ്പില്‍ ‘തന്റെ അറിവില്ലാതെ അനധികൃതമായി മറ്റാരോ പണം പിന്‍വലിച്ചിരിക്കുന്നുവെന്നു അതിനാല്‍ തനിക്കുണ്ടായ നഷ്ടം ബാങ്ക് നികത്തണം ‘ എന്ന വാദമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. ഇതിനെതിരെ ബാങ്ക് നടത്തിയ വാദം തള്ളിയ ഹൈക്കോടതി, നഷ്ടപ്പെട്ട തുക നല്‍കേണ്ടത് ബാങ്കാണെന്നും ബാങ്കിന് ഇതില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും പറഞ്ഞു.

സാധാരണ ഗതിയില്‍ എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ കാര്‍ഡ് ഉടമയ്ക്ക് മാത്രമേ അറിയൂ എന്നും അതുകൊണ്ടു തന്നെ ഉടമയുടെ അറിവില്ലാതെ പണം എടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്നുമുള്ള വാദമാണ് ബാങ്ക് ഉന്നയിച്ചത്. അതിനാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവാദം തങ്ങള്‍ക്കില്ലെന്നും ബാങ്ക് വാദിച്ചു. ഈ വാദങ്ങളെല്ലാം ഹൈക്കോടതി തള്ളുകയായിരുന്നു.

മുന്‍സിഫ് കോടതി ജോര്‍ജിന്റെ ഹര്‍ജി തള്ളുകയായിരുന്നു. എന്നാല്‍, നഷ്ടപരിഹാരം ബാങ്ക് നല്‍കണമെന്ന് ജില്ലാ കോടതി ഉത്തരവിട്ടു. അതിനെതിരെ ബാങ്ക് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് നഷ്ടപരിഹാരത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.

LEAVE A REPLY