- ഹോം ഡെക്കോര്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഡിമാന്‍ഡില്‍ കൊച്ചി മുന്നില്‍
ഈ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് ഷോ ആയ എച്ച്ജിഎച്ച് ഇന്ത്യ 2019 ജൂലൈ 2 മുതല്‍ 4 വരെ ബോംബെ എക്‌സിബിഷന്‍ സെന്ററില്‍ അരങ്ങേറും
കൊച്ചി: കേരളത്തിലെ ഹോം ടെക്‌സ്‌റ്റൈല്‍സ്, ഹൗസ് വെയര്‍, ഹോം ഡെക്കോര്‍, ഗിഫ്റ്റുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വിപണി പ്രതിവര്‍ഷം 25%-ത്തിലേറെ വളര്‍ച്ച കാണിക്കുന്നതായി കണക്കുകള്‍. ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്കായി ചെലവാക്കാനുള്ള അധികവരുമാനത്തിന്റെ കാര്യത്തിലും വിദേശവാസവും വിദേശയാത്രകളും മൂലമുണ്ടായിട്ടുള്ള ആഗോളനിലവാരത്തിലുള്ള താല്‍പ്പര്യങ്ങളു കാര്യത്തിലും കേരളം പൊതുവിലും കൊച്ചി വിശേഷിച്ചും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളേയും നഗരങ്ങളേയും അപേക്ഷിച്ച് മുന്നിലാണെന്നാണ് ഇത് കാണിക്കുന്നതെന്ന് ഹോം ഉല്‍പ്പന്ന രംഗത്തെ രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് ഷോ ആയ എച്ചജിഎച്ച് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ റൂംഗ്ട കൊച്ചിയില്‍ പറഞ്ഞു.
ആഹാരം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മുട്ടില്ലാതായ ഇന്ത്യയിലെ നഗരവാസികളായ ഇടത്തരക്കാരുടെ ജീവിതശൈലി ഇത്തരം എല്ലാ ഉല്‍പ്പന്നമേഖലകളിലും വന്‍തോതില്‍ പ്രതിഫലിച്ചു കഴിഞ്ഞു. ഇതാണ് പാര്‍പ്പിടവുമായി ബന്ധപ്പെട്ട എല്ലാ രംഗത്തും കാണുന്നത്. വീട് മോടി പിടിപ്പിയ്ക്കുന്നത് ഇന്ന് ഒരു അത്യാവശ്യംപോലെയായിക്കഴിഞ്ഞു. വിദേശത്ത് ജീവിക്കുന്നവരുടെ ബാഹുല്യം മൂലം കേരളത്തിലെ ജീവിതശൈലിയും അധികവരുമാനവും ഏറെ ഉയര്‍ന്നതാണ്. ഇത് വീടിന്റെ ആകര്‍ഷണീയതയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്നു. ഈ പശ്ചാത്തലത്തിലാണ് ഹോം ടെക്‌സ്‌റ്റൈല്‍സ്, ഹോം ഡെക്കോര്‍, ഹൗസ് വെയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇവിടെ മികച്ച ഡിമാന്‍ഡുള്ളത്.
രാജ്യത്തെ മറ്റിടങ്ങളില്‍ നിന്നുള്ളതിനേക്കാള്‍ കുറവ് എക്‌സിബിറ്റര്‍മാരും ട്രേഡ് സന്ദര്‍ശകരുമാണ് എച്ച്ജിഎച്ച് ഇന്ത്യയില്‍ പങ്കെടുക്കാനായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നതെന്ന് റൂംഗ്ട പറഞ്ഞു. വിശേഷിച്ചും കേരളത്തില്‍ നിന്ന് 8 എക്‌സിബിറ്റര്‍മാരും 515 ട്രേഡ് സന്ദര്‍ശകരുമാണ് കഴിഞ്ഞ വര്‍ഷം വന്നത്. എന്തായാലും കൊച്ചി, തിരുവനന്തപുരം, മധുര, ബാംഗ്ലൂര്‍, ഹൈദ്രാബാദ് എന്നിവിടങ്ങളില്‍ നിന്ന് മേള കാണാനെത്തുന്ന റീടെയിലര്‍മാര്‍, സ്ഥാപനങ്ങള്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ എ്ന്നിവരുടെ എണ്ണത്തില്‍ എല്ലാ വര്‍ഷവും വര്‍ധനവുണ്ടാകുന്നുണ്ട്. ഈ നഗരങ്ങളിലെല്ലാം ഈ രംഗത്തെ റീടെയില്‍ മേഖലയില്‍ നൂറു കണക്കിന് സ്റ്റോറുകളാണുള്ളതെന്നതും ശ്രദ്ധേയമാണ്. ഇതാണ് ദക്ഷിണേന്ത്യന്‍ നഗരങ്ങളിലെ വിപണി ശരാശരി 25-30% വളര്‍ച്ച കാണിക്കുന്നത്. ഈ രംഗത്തെ ദേശീയ ശരാശരി 20% ആണെന്നോര്‍ക്കണം, റൂംഗ്ട ചൂണ്ടിക്കാണിച്ചു.
ഒരു ചെറിയ ക്രോക്കറി സ്റ്റോര്‍ എന്ന നിലയില്‍ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിക്കുന്ന എല്ലാത്തരം ഹോം ഉല്‍പ്പന്നങ്ങളും ലഭ്യമായ ഒരു വലിയ സ്റ്റോറായി വളര്‍ന്ന മഹ്മൂദ് ക്രോക്കറി ഇക്കാര്യത്തില്‍ കൊച്ചിയുടെ സാധ്യതകളിലേയ്ക്ക് വിരല്‍ചൂണ്ടുന്നുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ച മഹ്മൂദ് ക്രോക്കറി മാനേജിംഗ് പാര്‍ട്ണര്‍ അബ്ദുള്‍ നാസര്‍ പറഞ്ഞു. ‘ഞങ്ങളെപ്പോലുള്ള റീടെയിലര്‍മാര്‍ക്ക് എച്ച്ജിഎച്ച് ഇന്ത്യ ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനുള്ള വലിയ സ്രോതസ്സാണ്. അക്കാരണത്താല്‍ത്തന്നെ ഓരോ വര്‍ഷവും ഞങ്ങള്‍ ഈ പ്രദര്‍ശനത്തിനായി ഉറ്റുനോക്കുന്നു. ഈ രംഗത്തെ പ്രീമിയം-ആഡംബര വിഭാഗം വലിയ വളര്‍ച്ചയാണ് കാണിക്കുന്നത്,’ അബ്ദുള്‍ നാസര്‍ പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള സന്ദശകരുടെ എണ്ണത്തില്‍ എച്ച്ജിഎച്ച് ഇന്ത്യ വന്‍വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. 2017-2018 വര്‍ഷങ്ങളില്‍ 35% വളര്‍ച്ചയുണ്ടായി. ഈ മേഖലയില്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചയുടെ ഹബ്ബാണ് കൊച്ചിയെന്ന് റൂംഗ്ട കൂട്ടിച്ചേര്‍ത്തു. കര്‍ട്ടനുകള്‍, ഫര്‍ണിഷിംഗ് ഫേബ്രിക്‌സ്, ഡറീസ്, കാര്‍പ്പെറ്റുകള്‍, ബെഡ്ഷീറ്റുകള്‍, റെഡിമേഡ് കിടയ്ക്കകള്‍, ടവലുകള്‍, കുക്ക് വെയര്‍, കട്‌ലറി, സ്റ്റോറേജ് ഉല്‍പ്പന്നങ്ങള്‍, പ്ലാസ്റ്റിക് വീട്ടുപകരണങ്ങള്‍, ഗ്ലാസ് വെയര്‍, ക്രോക്കറി, അടുക്കള ഉപകരണങ്ങള്‍, ഡെക്കറേറ്റീവ് ഉല്‍പ്പന്നങ്ങള്‍, വാള്‍പേപ്പറുകള്‍ തുടങ്ങിയ ഉല്‍പ്പന്ന മേഖലകളില്‍ രാജ്യത്തിന്റെ അകത്തും പുറത്തുനിന്നുമുള്ള ഒട്ടേറെ വന്‍കിട ബ്രാന്‍ഡുകള്‍ കേരളത്തില്‍ വിതരണക്കാരേയും റീടെയിലര്‍മാരേയും തേടുന്നതായും അദ്ദേഹം പറഞ്ഞു.
2019 ജൂലൈ 2 മുതല്‍ 4 വരെ ബോംബെ എക്‌സിബിഷന്‍ സെന്ററിലാണ് എച്ച്ജിഎച്ച് ഇന്ത്യ 2019 അരങ്ങേറുന്നത്. 2019-20 വര്‍ഷത്തെ വിപണിയുടെ പ്രവണതകള്‍ക്കൊപ്പം ഈ രംഗത്തെ നൂതന ബ്രാന്‍ഡുകള്‍, ഉല്‍പ്പന്നങ്ങള്‍, നിര്‍മാതാക്കള്‍, ഇറക്കുമതിക്കാര്‍, വിതരണക്കാര്‍ എന്നിവരും മേളയില്‍ അണിനിരക്കും. ഇക്കുറി 32 രാജ്യങ്ങളില്‍ നിന്നായി 700-ലേറെ എക്‌സിബിറ്റര്‍മാര്‍ പങ്കെടുക്കും. ഇന്ത്യയിലെ 500-ഓളം വലുതും ചെറുതുമായ പട്ടണങ്ങളില്‍ നിന്ന് 35,000-ലേറെ ട്രേഡ് സന്ദര്‍ശകരും മേള സന്ദര്‍ശിക്കും. റീടെയിലര്‍മാര്‍, മൊത്തവില്‍പ്പനക്കാര്‍, ആര്‍ക്കിടെക്റ്റുകള്‍, സ്ഥാപനസന്ദര്‍കര്‍ എന്നിവരുള്‍പ്പെടെയാണിത്
എച്ച്ജിഎച്ച് ഇന്ത്യയെപ്പറ്റി: ഹോം ടെക്‌സ്‌റ്റൈല്‍സ്, ഹോം ഡെക്കോര്‍, ഗിഫ്റ്റ്‌സ്, ഹൗസ് വെയര്‍ തുടങ്ങിയവക്കായി ടെക്‌സ്സോണ്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് നടത്തുന്ന വാര്‍ഷിക ട്രേഡ് ഷോയാണ് എച്ച്ജിഎച്ച് ഇന്ത്യ. ഹോം ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ഇന്ത്യന്‍ വിപണിയെ റീടെയിലര്‍മാര്‍, ചെറുകിട സംരംഭകര്‍ തുടങ്ങി കൈവേലക്കാര്‍വരെയുള്ളവരുമായി ബന്ധപ്പെടുത്തുന്ന വിധത്തിലാണ് മേളയുടെ രൂപകല്‍പ്പന. വിവിധ മേഖലകളില്‍ നിന്ന് ഉന്നതശ്രേണിയില്‍പ്പെട്ട റീടെയിലര്‍മാരാണ് പ്രധാനമായും മേള സന്ദര്‍ശിക്കുന്നത്. ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, സ്‌പെഷ്യാലിറ്റി സ്‌റ്റോറുകള്‍, ഹൈ-എന്‍ഡ് ലക്ഷ്വറി സ്‌റ്റോറുകള്‍, ബൂത്തികുകള്‍, പരമ്പരാഗത സ്റ്റോറുകള്‍, ഓണ്‍ലൈന്‍ റീടെയിലര്‍മാര്‍ എന്നിവരുള്‍പ്പെടെയാണിത്. സ്ഥാപന ബയര്‍മാര്‍, കോര്‍പ്പറേറ്റ് ഗിഫ്റ്റ് ബയര്‍മാര്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍, ഫ്രാഞ്ചൈസികള്‍ തുടങ്ങിവരും മേള സന്ദര്‍ശിക്കാനെത്തും. ഇവര്‍ക്കു പുറമെ ഇറക്കുമതി, വിതരണ സ്ഥാപനങ്ങള്‍, ബയിംഗ് ഏജന്റുമാര്‍, ബ്രാന്‍ഡ് പ്രതിനിധികള്‍ തുടങ്ങിയവരും മേളയ്‌ക്കെത്തും.