തെലങ്കാനയില്‍ പ്ലസ് ടു ഫലത്തിന് പിന്നാലെ ജീവനൊടുക്കിയത് 20 കുട്ടികള്‍; മൂല്യ നിര്‍ണ്ണയത്തിലെ അപാകത മൂലം തോറ്റത് മൂന്ന് ലക്ഷത്തോളം കുട്ടികള്‍

ഹൈദരാബാദ് : തെലങ്കാനയില്‍ പ്ലസ്ടു ഫലത്തില്‍ മനംനൊന്ത് 20 വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി. ഏപ്രില്‍ 18 നായിരുന്നു ഫലം വന്നത്. പരീക്ഷാ ഫലത്തില്‍ അപാകതയുണ്ടായതിനെ തുടര്‍ന്ന് ഒമ്പതു ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇത്തവണ പ്ലസ് ടു പരീക്ഷയെഴുതിയ തെലങ്കാനയില്‍ മൂന്നു ലക്ഷത്തിലേറെ കുട്ടികളാണ് തോറ്റത്.

1000 മാര്‍ക്കില്‍ 900 ലഭിച്ച 11 വിദ്യാര്‍ത്ഥികളും 850നും 900ത്തിനും ഇടയില്‍ മാര്‍ക്ക് കിട്ടിയ 125 കുട്ടികളും 750ന് മുകളില്‍ മാര്‍ക്കുള്ള 2000 കുട്ടികളും തോറ്റിട്ടുണ്ട്. ഒരു വിഷയത്തിലാണ് ഇവരില്‍ പലരും തോറ്റത്. തെലുങ്കില്‍ പൂജ്യം മാര്‍ക്ക് കിട്ടിയ ഒരു വിദ്യാര്‍ത്ഥി പുനര്‍ മൂല്യ നിര്‍ണയത്തിന് കൊടുത്തപ്പോള്‍ 99 ആയതായും പരീക്ഷ എഴുതിയ ചില കുട്ടികളുടെ ഫലത്തില്‍ ഹാജരായില്ലെന്ന് പറയുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഫലം വന്നതിന് ശേഷം കടുത്ത പ്രതിഷേധമാണ് സര്‍ക്കാര്‍ നേരിടുന്നത്. കൂട്ടത്തോല്‍വി അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

വീണ്ടും മൂല്യനിര്‍ണ്ണയം നടത്താന്‍ എത്ര ദിവസം വേണമെന്ന് ഹൈക്കോടതി ചോദിച്ചപ്പോള്‍ രണ്ടു മാസം വേണ്ടി വരുമെന്നാണ് അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചത്. എന്നാല്‍, ഒമ്പത് ലക്ഷം വിദ്യാര്‍ത്ഥികളുടെ പരീക്ഷ പേപ്പര്‍ 10 ദിവസം കൊണ്ട് പരിശോധിച്ചുവെങ്കില്‍ മൂന്ന് ലക്ഷം വിദ്യാര്‍ത്ഥികളുടെ പുനര്‍ മൂല്യനിര്‍ണ്ണയത്തിന് രണ്ടു മാസം എന്തിനാണെന്നും കോടതി ചോദിച്ചു.