ആര്‍ത്തവമുള്ള സ്ത്രീകളെ പണിക്ക് വേണ്ടെന്ന കടുംപിടുത്തവുമായി കോണ്‍ട്രാക്ടര്‍മാര്‍; അന്നം കണ്ടെത്താന്‍ ഗര്‍ഭപാത്രമില്ലാതെ കഴിയുന്നത് 25 കാരികള്‍ വരെ…ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ആര്‍ത്തവമുള്ള സ്ത്രീകളെ ജോലി ചെയ്യാന്‍ കൊള്ളില്ലെന്നും ഈ സമയത്തു പോലും വിശ്രമിച്ചാല്‍ പിഴ ഈടാക്കുമെന്നും കോണ്‍ട്രാക്ടര്‍മാര്‍ കര്‍ശന നിലപാടെടുത്തതോടെ ഉപജീവനത്തിനായി ഗര്‍ഭപാത്രം നീക്കേണ്ടി വരുന്നത് 25 വയസ്സുള്ള യുവതികള്‍ക്ക് ഉള്‍പ്പെടെ. മേല്‍നോട്ടക്കാരുടെ നിര്‍ബന്ധിത തൊഴിലെടുപ്പിക്കലിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ബീഡ് ഗ്രാമത്തിലെ 50 ശതമാനത്തോളം സ്ത്രീകളും ഇപ്പോള്‍ കഴിയുന്നത് ഗര്‍ഭപാത്രമില്ലാത്തവരായി.

പരമാവധി മൂന്ന് കുഞ്ഞുങ്ങള്‍ക്ക് വരെ ജന്മം നല്‍കിയ ശേഷം ഗര്‍ഭപാത്രം നീക്കം ചെയ്യുകയാണ് ഇപ്പോള്‍ ഇവര്‍ ചെയ്യുന്നത്. ഒരു നേരത്തെ അന്നത്തിനു വേണ്ടി ഇത്തരത്തില്‍ പണിയെടുക്കുന്ന സ്ത്രീകളെ കുറിച്ചോ അവരുടെ ആരോഗ്യത്തെ കുറിച്ചോ ആരും ബോധവാന്മാരുമല്ല.

ഗര്‍ഭപാത്രമില്ലാത്ത സ്ത്രീകള്‍ തന്നെ കരിമ്പുവെട്ടാന്‍ വേണമെന്ന് നിര്‍ബന്ധ ബുദ്ധിയുള്ളവരാണ് ഇവിടുത്തെ കോണ്‍ട്രാക്ടര്‍മാര്‍. അതുകൊണ്ടു തന്നെ തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടാതിരിക്കാനായി രണ്ടോ മൂന്നോ പ്രവസത്തിന് ശേഷം ഗര്‍ഭപാത്രം നീക്കം ചെയ്യുന്നത് ഒരു ആചാരം പോലെ തുടരുകയാണ് ഇവിടുത്തെ സ്ത്രീകള്‍.

ഒരു ടണ്‍ കരിമ്പ് വെട്ടിയാല്‍ കിട്ടുന്ന 250 രൂപയ്ക്കു വേണ്ടിയാണ് ഈ കൃത്യം. കരിമ്പുവെട്ടാന്‍ പോകുന്ന ഈ സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ നല്ലൊരു ശൗചാലയം പോലും ഇല്ലെന്നതും മറ്റൊരു ദുരിതമാണ്. ജോലിക്കിടെ ഇടവേളയെടുത്താല്‍ 500 രൂപ വരെ പിഴ ഈടാക്കും. മാസമുറയുള്ള സ്ത്രീകള്‍ക്ക് വിശ്രമം എടുക്കേണ്ടി വന്നാലും ഈ പിഴ തുടരും.

അതേസമയം, തങ്ങള്‍ സ്ത്രീകളെ ശസ്ത്രക്രിയയ്ക്കായി നിര്‍ബന്ധിക്കാറില്ലെന്നും അത് കുടുംബങ്ങള്‍ സ്വയം എടുക്കുന്ന തീരുമാനമാണെന്നുമാണ് കോണ്‍ട്രാക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍, ശസ്ത്രക്രിയയ്ക്കായി പണം മുന്‍കൂറായി നല്‍കാറുണ്ടെന്നും പിന്നിട് ശമ്പളത്തില്‍ നിന്ന് ഇത് ഈടാക്കുകയാണ് ചെയ്യുന്നതെന്നും സ്ത്രീകള്‍ വെളിപ്പെടുത്തുന്നു.

LEAVE A REPLY