തിരുവനന്തപുരം: 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കില്ല. കുഞ്ഞിനെ അമൃത ആശുപത്രിയിലേക്ക് മാറ്റും. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ വിഷയത്തില്‍ ഇടപെട്ടതിന് പിന്നാലെയാണ് തീരുമാനം.
ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ചികിത്സ ചിലവും സര്‍ക്കാര്‍ വഹിക്കാനും തീരുമാനമായി. അമൃത ആശുപത്രിയില്‍ ഡോക്ടര്‍മാരായ ബ്രിജേഷ്, കൃഷ്ണകുമാര്‍ എന്നിവര്‍ കുഞ്ഞിനെ പരിശോധിക്കും. ഇന്ന് രാവിലെ 11.15 നാണ് മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് പുറപ്പെട്ടത്. കാസര്‍ഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ചികിത്സയ്ക്കായി കൊണ്ടു വരുന്നത്.
തിരുവനന്തപുരം ശ്രീചിത്രയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവരാന്‍ തീരുമാനിച്ചത്. എന്നാല്‍ ആരോഗ്യമന്ത്രി കുഞ്ഞിന്റെ മാതാപിതാക്കളുമായി നേരിട്ട് സംസാരിച്ചാണ് അമൃത ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
അമൃത ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. KL-60 – J 7739 എന്ന നമ്പര്‍ ആംബുലന്‍സിലാണ് കുഞ്ഞിനെ കൊണ്ടുവരുന്നത്. കുഞ്ഞിന്റെ ആരോഗ്യനില അപകടകരമായതിനാല്‍ എയര്‍ ലിഫ്റ്റിങ് സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇതിനാലാണ് വ്യോമമാര്‍ഗ്ഗം ഉപേക്ഷിച്ചത്.