പെരുമ്പാവൂര്‍: കുഞ്ഞിന് നേരെ വീണ്ടും അച്ഛന്റെ ക്രൂര പീഡനം. ആറ് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച അച്ഛനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കീഴില്ലം ത്രിവേണി നെല്ലിപ്പറമ്പ് മണ്ണാറുകുടി തമ്പിയുടെ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന തിരുവനന്തപുരം സ്വദേശി മുനിസ്വാമി (36) ആണ് അറസ്റ്റിലായത്. ഇയാളെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു മുനിസ്വാമി. എന്നാല്‍ അമ്മയെ കാണണമെന്ന് പറഞ്ഞ് മകന്‍ വഴക്കിട്ടു. ഇതോടെയാണ് ഞായര്‍ രാത്രി വീടിന്റെ മുന്‍പില്‍ നിര്‍ത്തി കുട്ടിയെ മുനിസ്വാമി വടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇയാളെ പിടകൂടി പോലീസില്‍ ഏല്‍പ്പിച്ചു.
രായമംഗലം ത്രിവേണിയില്‍ വിരികല്ല് ഉണ്ടാക്കുന്ന ജോലിയാണ് ഇയാള്‍ക്ക്. ഭാര്യ തൃശ്ശൂരിലെ അനാഥമന്ദിരത്തില്‍ താമസിച്ച് ജോലി ചെയ്യുകയാണ്. ഇവരുടെ മൂന്നു മക്കളില്‍ ഇളയ കുട്ടിക്കാണ് മര്‍ദനമേറ്റത്. കുട്ടിയുടെ ദേഹമാസകലം വടിയുപയോഗിച്ച് അടിച്ചതിന്റെ പാടുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.