വയനാട്ടില്‍ രാഹുല്‍ മത്സരിച്ചാല്‍ ബിജെപിയുടെ തുറുപ്പുചീട്ട് തുഷാര്‍ വെള്ളാപ്പള്ളിയായി മാറും…

കോട്ടയം: തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ഇപ്പോള്‍ ചൂട് പിടിക്കുന്നത് വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെയാണ്. ഇത് സംബന്ധിച്ച് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. രാഹുല്‍ മത്സരിച്ചാല്‍ എന്‍ഡിഎയില്‍ നിന്നും എതിരിടുക ബി.ഡി.ജെ.എസിന്റെ നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയാവും. രാഹുലിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ തീരുമാനമായാല്‍ തുഷാറിന്റെ പ്രഖ്യാപനമുണ്ടാകുമെന്നാണു വിവരം.

ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥിയായി തുഷാര്‍ തൃശൂരില്‍നിന്നു മത്സരിക്കാനായിരുന്നു തീരുമാനം. ഇക്കാര്യംനാളെ പ്രഖ്യാപിക്കാനിരിക്കേയാണു പുനരാലോചന. വയനാട് സീറ്റും ബി.ഡി.ജെ.എസിനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ രാഹുലെത്തുമെന്ന സൂചന വന്നതോടെ ശക്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്ന നിലപാടിലാണ് ബിജെപി. അമേഠിയിലെ രാഹുലിന്റെ എതിരാളി സ്മൃതി ഇറാനിയെ കൊണ്ടുവരണമെന്നും അതല്ല സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളില്‍ ആരെങ്കിലും മത്സരിക്കണമെന്നും ബി.ജെ.പിയില്‍ നിര്‍ദേശമുയര്‍ന്നു.

എന്നാല്‍ ഇത്തരത്തില്‍ നീക്കം നടക്കുന്നതായി വാര്‍ത്ത പുറത്തു വന്നതോടെ വയനാട്ടില്‍ ബി.ഡി.ജെ.എസ്. തന്നെ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി തുഷാര്‍ രംഗത്തെത്തി. പിന്നീടാണു തുഷാറിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. രാഹുല്‍ ഗാന്ധിക്കെതിരേയുള്ള എതിര്‍സ്ഥാനാര്‍ഥി ദുര്‍ബലമായായാല്‍ ബി.ജെ.പിയ്ക്കു ദേശീയതലത്തില്‍ ക്ഷീണമാകുമെന്നതും തുഷാറിലേക്കു കാര്യങ്ങള്‍ എത്തിച്ചു. രാഹുല്‍ വയനാടു സീറ്റില്‍നിന്നു പിന്മാറിയാല്‍ തുഷാര്‍ തൃശൂരില്‍ തന്നെ ജനവിധി തേടും.