ജയിലില്‍ കഴിഞ്ഞത് സാധാരണക്കാരനെപ്പോലെ… പൊലീസുകാരൊക്കെ തന്നെ നോക്കി വിഷമത്തോടെയാണ് നിന്നത്

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയും പിന്നീട് സംസ്ഥാനത്തുണ്ടായ അക്രമപരമ്പരകളും ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു. ഇതിനിടെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അറസ്റ്റിലായതും വിവാദമായി. ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചതുമായി ബന്ധപ്പെട്ടായിരുന്നു സുരേന്ദ്രന്‍ അറസ്റ്റിലായത്. ഇപ്പോള്‍ പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് സുരേന്ദ്രന്‍.

ഇപ്പോള്‍ താന്‍ ജയിലില്‍ കഴിഞ്ഞ കാലം ഓര്‍ത്തെടുക്കുകയാണ് സുരേന്ദ്രന്‍. ഒരു മലയാളം ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

സുരേന്ദ്രന്റെ വാക്കുകള്‍ ഇങ്ങനെ… മാസങ്ങളോളം ജയിലില്‍ ഇടണമെന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരം പൊലീസ് തന്നെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ മാദ്ധ്യമങ്ങളും സാമൂഹിക പ്രവര്‍ത്തകരും ഇടപെട്ടതിന്റെ പേരിലാണ് തനിക്ക് ജാമ്യം ലഭിച്ചത്. കസ്റ്റഡിയില്‍ എടുത്തെങ്കിലും ഭൂരിഭാഗം പൊലീസുകാരും തന്നോട് നല്ല രീതിയിലാണ് പെരുമാറിയത്. ചിലര്‍ തന്റെ കയ്യില്‍ പിടിച്ചുകൊണ്ട് വേറെ രക്ഷയില്ലാതെ ചെയ്യുന്നതാണ് മറ്റൊന്നും വിചാരിക്കരുതെന്ന് പറഞ്ഞിരുന്നു.

എല്ലാ ഉദ്യോഗസ്ഥരും നല്ല രീതിയിലാണ് പെരുമാറിയത്. എന്നാല്‍ സി.പി.എം അനുകൂലികളായ ചില പൊലീസുകാരുടെ പെരുമാറ്റം മോശമായിരുന്നു. ചില പൊലീസുകാരൊക്കെ തന്നെ നോക്കി വിഷമത്തോടെ നില്‍ക്കുന്നത് കാണാന്‍ കഴിഞ്ഞു. ജയിലില്‍ താന്‍ പ്രത്യേകിച്ച് ഒരു സൗകര്യവും ആവശ്യപ്പെട്ടിരുന്നില്ല. സാധാരണക്കാരെപ്പോലെ തന്നെയാണ് ജയിലില്‍ കഴിഞ്ഞത്.

എന്നാല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ട് അടക്കമുള്ളവര്‍ എന്തെങ്കിലും സൗകര്യങ്ങള്‍ ആവശ്യമാണോയെന്ന് തന്നോട് ചോദിച്ചിരുന്നു. തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത് ന്യായമായല്ലെന്ന് അവര്‍ക്കെല്ലാം അറിയാമായിരുന്നുവെന്നും സുരേന്ദ്രന്‍ പറയുന്നു.

LEAVE A REPLY