ന്യുഡല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് രണ്ടര വര്‍ഷത്തിനിടെ ഉയര്‍ന്ന നിലയിലെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ 7.2 ശതമാനം ആണ് തൊഴിലില്ലായ്മ നിരക്ക്. 2016 സെപ്തംബറിനു ശേഷമുള്ള ഉയര്‍ന്ന നിലയാണിതെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കോണമി (സിഎംഐഇ) ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2018 ഫെബ്രുവരിയില്‍ തൊഴിലില്ലായ്മ നിരക്ക് 5.9 ശതമാനം ആയിരുന്നുവെന്നും റപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരിയിലെ കണക്ക് പ്രകാരം തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം 40 കോടിയാണ്. മുന്‍ വര്‍ഷം ഈ സമയത്ത് 40.6 കോടിയായിരുന്നു.
രാജ്യമെമ്പാടുമായി പതിനായിരത്തോളം കുടുംബങ്ങളെ അടിസ്ഥാനമാക്കി നടത്തിയ സര്‍വെ പ്രകാരമാണ് സിഎംഐഇ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നിരവധി സാമ്പത്തിക വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും അതുകൊണ്ടുതന്നെ സര്‍ക്കാര്‍ പുറത്തുവിടുന്ന തൊഴിലില്ലായ്മ കണക്കിനേക്കാള്‍ വിശ്വസനീയമായിരിക്കുമെന്നും സിഎംഐഇ അവകാശപ്പെടുന്നു.
കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയും തൊഴിലില്ലായ്മ നിരക്കും പ്രതിപക്ഷം തെരഞ്ഞെടുപ്പ് ആയുധമാക്കുമെന്നതിനാല്‍ സിഎംഐഇയുടെ റിപ്പോര്‍ട്ടിനെ കേന്ദ്രസര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കുമെന്ന് കരുതാനാവില്ല. സര്‍ക്കാര്‍ ഡിസംബറില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലും തൊഴിലില്ലായ്മ നിരക്ക് ഏറ്റവും ഉയര്‍ന്നാണ് നില്‍ക്കുന്നതെന്നും അതുകൊണ്ടുതന്നെ അത് പുറത്തുവിട്ടിട്ടില്ലെന്നും ഡല്‍ഹിയില്‍ നിന്നുള്ള ഒരു പ്രദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 45 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് 2017/18 വര്‍ഷത്തിലുണ്ടായിരിക്കുന്നതെന്നായിരുന്നു ഇവരുടെ റിപ്പോര്‍ട്ട്.
ഈ വര്‍ഷം ജനുവരിയില്‍ സിഎംഐഇ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2018ല്‍ 1.10 കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടിയിരുന്നു. 2016 ല്‍ കൊണ്ടുവന്ന നോട്ട് അസാധുവാക്കലും 2017ല്‍ ജി.എസ്.ടി കൊണ്ടുവന്നതുമാണ് ഇതിനു കാരണം. ലക്ഷക്കണക്കിന് ചെറുകിട ബിസിനസുകളെയാണ് ഇത് ബാധിച്ചത്.