മണിയുടെ ശരീരത്തില്‍ വിഷം എത്തിയതെങ്ങനെ? ജാഫര്‍ ഇടുക്കി, സാബുമോനും കുടുങ്ങുമോ? നുണപരിശോധന ആരംഭിച്ചു

നടന്‍ കലാഭവന്‍ മണിയുടെ അകാല മരണം ഇപ്പോഴും മലയാളികള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. മണിയുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ നുണ പരിശോധന ആരംഭിച്ചു. ഇന്നലെ രാവിലെ ആരംഭിച്ച നുണ പരിശോധന രാത്രി വരെ നീണ്ടു. മണിയുടെ മാനേജറായിരുന്ന ജോബി സെബാസ്റ്റ്യന്‍, സുഹൃത്തുക്കളായ എം.ജി.വിപിന്‍, സി.എ.അരുണ്‍ എന്നിവരെയാണ് പരിശോധനയ്ക്കു വിധേയമാക്കിയത്.

മണിയുടെ സുഹൃത്തുക്കളായ മുരുകന്‍, അനില്‍കുമാര്‍, സിനിമാ താരങ്ങളായ ജാഫര്‍ ഇടുക്കി, സാബുമോന്‍ എന്നിവരുടെ നുണപരിശോധനയും നടക്കും. ചെന്നൈയിലെ ഫൊറന്‍സിക് ലബോറട്ടറിയില്‍നിന്നുള്ള ഉദ്യോഗസ്ഥരാണു കൊച്ചിയിലെ കതൃക്കടവിലുള്ള സിബിഐ ഓഫീസില്‍ നുണപരിശോധന നടത്തുന്നത്.

2016 മാര്‍ച്ച് ആറിനാണു കലാഭവന്‍ മണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു കുടുംബം രംഗത്തെത്തിയിരുന്നു. ഇതോടെ അന്വേഷണം സിബിഐ ഏറ്റെടുത്തു. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയെന്ന രാസപരിശോധന ഫലമാണ് മരണത്തിലെ ദുരൂഹതയ്ക്കു വഴിയൊരുക്കിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന വിഷാംശം എങ്ങനെ മണിയുടെ ശരീരത്തില്‍ എത്തിയെന്നു കണ്ടെത്തുകയാണ് സിബിഐയുടെ ലക്ഷ്യം. ഇതിനാണു നുണപരിശോധന ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്.