നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് വീണ്ടും ഹൈക്കോടതിയില്‍. നേരത്തെ ദിലീപ് ഇതേ ആവശ്യം ഉയര്‍ത്തുകയും എന്നാല്‍ സിംഗിള്‍ ബെഞ്ച് ആവശ്യം തള്ളുകയും ചെയ്തിരുന്നു.

സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായാണ് ദിലീപ് ഇപ്പോള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.
ഹര്‍ജിയില്‍ ഉത്തരവുണ്ടാകും വരെ വിചാരണ നടപടി നിര്‍ത്തിവെയ്ക്കണമെന്നും ദിലീപ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ അടുത്ത മാസം ആദ്യം വിചാരണ ആരംഭിക്കാനിരിക്കെയാണ് അപ്പീലുമായി ദിലീപ് ഹൈക്കോടതിയെ വീണ്ടും സമീപിച്ചിരിക്കുന്നത്.

സിബിഐയ്‌ക്കോ മറ്റേതങ്കിലും ഏജന്‍സിക്കോ അന്വേഷണം കൈമാറാന്‍ തക്ക കാരണങ്ങള്‍ സ്ഥാപിക്കാനാവുന്നില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.