കുട്ടികള്‍ക്ക് ഇപ്പോള്‍ എന്നെ കാണുന്നതു പോലും പേടിയാണ്, ഇളയമകന്‍ അടുത്തുപോലും വന്നില്ല ; അനുഭവിക്കുന്നത് ചെയ്ത തെറ്റിന്റെ ഫലമെന്ന കുറ്റസമ്മതവുമായി തൊടുപുഴയിലെ അമ്മ

കൊച്ചി : എന്റെ മകന്‍ ഇപ്പോള്‍ അനുഭവിക്കുന്നത് തനിക്ക് പറ്റിയ തെറ്റാണെന്ന് തൊടുപുഴയില്‍ ഏഴു വയസ്സുകാരന്‍ കാമുകന്റെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ മാതാവിന്റെ കുറ്റസമ്മതം. മകനെ ക്രൂരമായി മര്‍ദ്ദിച്ചപ്പോള്‍ തടയാന്‍ ചെന്ന തന്നെയും അരുണ്‍ മര്‍ദ്ദിച്ചതായും യുവതി വെളിപ്പെടുത്തി. ആശുപത്രിയില്‍ അപകടം പറ്റിയതാണെന്ന് പറഞ്ഞത് അരുണിനെ രക്ഷിക്കാന്‍ ശ്രമിച്ചതല്ലെന്നും കുട്ടികളുടെയും തന്റെയും സുരക്ഷയെ ഓര്‍ത്താണ് ഉപദ്രവങ്ങളെ കുറിച്ച് മിണ്ടാന്‍ കൂട്ടാക്കാതിരുന്നതെന്നും യുവതി പറഞ്ഞു.

ഭ്രാന്തമായൊരു അവസ്ഥയിലായിരുന്നു അരുണ്‍ അപ്പോള്‍, പേടിച്ച് മാറിനില്‍ക്കാനെ തനിക്ക് കഴിഞ്ഞുള്ളു. ഡോക്ടര്‍ വിവരങ്ങള്‍ ചോദിക്കുമ്പോള്‍ അരുണ്‍ അടുത്ത് തന്നെ നില്‍പ്പുണ്ടായിരുന്നുവെന്നും പേടികൊണ്ടാണ് കള്ളം പറയേണ്ടി വന്നതെന്നുമാണ് യുവതി പറയുന്നത്. ആ സമയത്ത് താന്‍ കുഞ്ഞിനെ രക്ഷിക്കാന്‍ മാത്രമാണ് നോക്കിയതെന്നും കുഞ്ഞിന് ഒന്നും സംഭവിക്കരുതെന്നു മാത്രമായിരുന്നു മനസില്‍. മക്കളെ ഏറെ സ്‌നേഹിക്കുകയും ലാളിക്കുകയും ചെയ്തിരുന്ന അമ്മയായിരുന്നു താന്‍. എന്നാല്‍ അരുണ്‍ വന്നശേഷമാണ് കാര്യങ്ങള്‍ മാറി മറിഞ്ഞതെന്നും യുവതി പറയുന്നു.

കുട്ടികള്‍ക്ക് ഇപ്പോള്‍ തന്നെ പേടിയാണ്. ആശുപത്രിയില്‍ വച്ച് ഇളയകുട്ടി തന്റെ അരികിലേക്ക് പോലും വന്നില്ല. കുട്ടികളെയും തന്നെയും തമ്മില്‍ അകറ്റാന്‍ അരുണ്‍ എപ്പോഴും ശ്രമിച്ചിരുന്നു. കുട്ടികളെ അധികം ലാളിക്കുന്നത് ഇഷ്ടമായിരുന്നില്ല. ആണ്‍കുട്ടികളെ ലാളിച്ചു വളര്‍ത്തിയാല്‍ കാര്യപ്രാപ്തിയില്ലാത്തവരായി പോകുമെന്നായിരുന്നു അരുണ്‍ പറഞ്ഞിരുന്നത്. ഭര്‍ത്താവ് മരിച്ചപ്പോഴത്തെ നിസ്സഹായാവസ്ഥയില്‍ ഒരു സംരക്ഷകനായിട്ടായിരുന്നു ഭര്‍ത്താവിന്റെ ബന്ധുകൂടിയായ അരുണ്‍ വന്നതെന്നും യുവതി പറയുന്നു.

കിടക്കയില്‍ മൂത്രമൊഴിച്ചതുകണ്ടു കലികയറി കട്ടിലില്‍ കിടന്നുറങ്ങിയ മൂത്തകുട്ടിയെ അരുണ്‍ തൊഴിച്ചു തെറിപ്പിച്ചു. ഭിത്തിയിലിടിച്ചാണു വീണത്. അവിടെ നിന്ന് ഇരു കൈകളിലുമായി പിടിച്ച് ഭിത്തിയുടെ മൂലയിലേയ്ക്ക് വലിച്ചെറിഞ്ഞു. ഇവിടെയുണ്ടായിരുന്ന ഷെല്‍ഫിന്റെ മൂലയിലും ഭിത്തിയിലും കുട്ടിയുടെ തല ശക്തിയായി ഇടിച്ചു. പിന്നീടും കുട്ടിയെ ഭിത്തിയില്‍ തലചേര്‍ത്ത് ഇടിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്ത പ്രതി കുട്ടിയുടെ ബോധം പോകുംവരെ മര്‍ദനം തുടര്‍ന്നു. കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുമ്പോള്‍ തടസം പിടിക്കാനെത്തിയ യുവതിയുടെ മുഖത്തടിച്ചു. യുവതി വാശിപിടിച്ചപ്പോഴാണ് ആശുപത്രിയില്‍ പോലും കൊണ്ടുപോയതെന്നും പോലീസ് പറയുന്നു.