സുപ്രീംകോടതി സ്വന്തം വിധി തിരുത്തി…; വധശിക്ഷ കാത്ത് 16 കൊല്ലം തടവറയില്‍ കഴിഞ്ഞ ആറ് ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് മോചനം; കുടുങ്ങിയത് പോലീസ്

ആറ് നാടോടി സ്ത്രീകള്‍ക്കെതിരായ വധശിക്ഷ സുപ്രീംകോടതി പിന്‍വലിച്ചു. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തി മഹാരാഷ്ട്ര സര്‍ക്കാര്‍ ജയിലില്‍ അടച്ചിരുന്ന ഗോത്രവര്‍ഗ്ഗക്കാരായ ആറുപേരെയാണ് വിട്ടയച്ചത്. ഇവര്‍ കുറ്റം ചെയ്തതായി തെളിയിക്കപ്പെടുകയും വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നതാണ്. പുന:പരിശോധനയ്ക്കിടെയാണ് ഈ കേസിലെ പ്രശ്‌നങ്ങള്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ 16 വര്‍ഷത്തോളം ജയലില്‍ കഴിഞ്ഞ കേസിലെ പ്രതികള്‍ മോചിതരാകും. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമായ നടപടിയാണ് ഉണ്ടായിരിക്കുന്നത്.

2003 ജൂണ്‍ അഞ്ചിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തുകയും അവരില്‍ ഒരാളെ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന കുറ്റം ചുമത്തി ആറ് നാടോടി സ്ത്രീകളെ പോലീസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയിലെ ഭോകാര്‍ദാനിലാണ് സംഭവം നടന്നത്. കേസ് പോലീസ് അട്ടിമറിച്ചു എന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. നേരത്തെ വധശിക്ഷ പിന്‍വലിച്ച കോടതി പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പോലീസുകാര്‍ ഇപ്പോഴും സര്‍വീസില്‍ ഉണ്ടെങ്കില്‍ ഡിപ്പാര്‍ട്ടുമെന്റ് നടപടി വേണം. മൂന്ന് മാസമാണ് കോടതി ഇതിന് സമയം നല്‍കിയിരിക്കുന്നത്. ജയിലില്‍ അടയ്ക്കപ്പെട്ട ഓരോരുത്തര്‍ക്കും അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.