മാണിവിഭാഗത്തിന് ജയസാധ്യത ഇല്ലെന്ന് വിലയിരുത്തല്‍ ; ജോസഫിനെ തന്നെ കോട്ടയത്ത് മത്സരിപ്പിക്കണം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റില്‍ പിജെ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കെ എം മാണിക്കു മേല്‍ കോണ്‍ഗ്രസ് സമ്മര്‍ദ്ദം. സീറ്റിനായി ജോസഫ് മാണി വിഭാഗങ്ങള്‍ അവകാശ തര്‍ക്കം നടത്തുന്നതിനിടയിലാണ് ജോസഫിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയിരക്കുന്നത്.

പാലായില്‍ മാണിയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും ഉച്ചകഴിഞ്ഞ് കോട്ടയത്തു നടന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലും ജോസഫ് സീറ്റിന് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനം ഉണ്ടായില്ല.

മാണിഗ്രൂപ്പ് നേതാക്കള്‍ക്ക് വിജയ സാധ്യത ഇല്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കന്മാരുമായി കെ.എം. മാണി കൂടിയാലോചന നടത്തുന്നുണ്ട്. രണ്ടു ദിവസത്തിനകം തീരുമാനം അറിയിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മത്സരിക്കാനുള്ള താത്പര്യം ഇന്നലെ ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി, പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളില്‍ ജോസഫ് അറിയിച്ചിരുന്നു.

അന്തിമതീരുമാനം പ്രഖ്യാപിക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയെ ചുമതലപ്പെടുത്തിയാണു നേതൃയോഗങ്ങള്‍ പിരിഞ്ഞത്. എന്നാല്‍ പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിന് പിന്നാലെ രാത്രിയില്‍ മാണി വിഭാഗം കോട്ടയത്തു പ്രത്യേകയോഗം ചേര്‍ന്നു.