നാലു പ്രതികള്‍ ചേര്‍ന്നു പീഡിപ്പിച്ചത് ഇരുന്നൂറോളം പെണ്‍കുട്ടികളെ. അതും കൂടുതല്‍ സ്‌കൂളിലും കോളേജിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ്. ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പൊള്ളാച്ചി പീഡനത്തെക്കുറിച്ച് ലോകം അറിയുന്നത്. ഉപദ്രവിക്കരുതന്നു പറഞ്ഞ് ദയനീയമായി യാചിക്കുന്ന പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങളും ഉണ്ട്. എന്നാല്‍ പരാതി നല്‍കിയതു ഒരേയൊരു പെണ്‍കുട്ടി മാത്രം. അവളോട് നന്ദി പറയുകയാണ് തമിഴ്‌നാട്ടിലെ മുഴുവന്‍ ജനങ്ങളും. ബാക്കിയുള്ളവര്‍ക്ക് അതിന് ധൈര്യം ഉണ്ടായിരുന്നില്ല. ഒരുപക്ഷേ നേരത്തെ മറ്റാരെങ്കിലും ഇത് പുറത്തു പറയാന്‍ തയ്യാറായിരുന്നെങ്കില്‍ കുറച്ചു പേരേയെങ്കിലും ഇതിനിരയാകാതെ രക്ഷിക്കാമായിരുന്നു.
ഇതുവരെ സംഭവത്തില്‍ അറസ്റ്റിലായത് നാലുപ്രതികള്‍. ശബരീരാജന്‍, തിരുനാവരശ്, സതീഷ്, വസന്തകുമാര്‍ എന്നിവര്‍ക്കെതിരേ ഗുണ്ടാ ആക്ട് പ്രകാരം കേസെടുത്തു. ഇവര്‍ ഇരുന്നൂറോളം പെണ്‍കുട്ടികളേ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്‌തെന്നാണു പോലീസിന്റെ നിഗമനം. സമാനതകളില്ലാത്ത ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് പെണ്‍കുട്ടികള്‍ വിധേയരായിട്ടുണ്ടെന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായി.